ഗവർണറുടെ നോട്ടീസിന് വിശദീകരണം നൽകി വി.സിമാർ; ഹിയറിങ് നടത്താന്‍ രാജ്‍ഭവന്‍

arif
 

തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടീസിന് വിശദീകരണം നല്‍കി വൈസ് ചാന്‍സലര്‍മാര്‍. വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ പത്ത് വിസിമാര്‍ക്കാണ് ഗവര്‍ണര്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തായ സാങ്കേതിക സര്‍വകലാശാല വിസി. എം. എസ് രാജശ്രീ ഒഴികെ എല്ലാ വിസിമാരും വിശദീകരണം നല്‍കി.

യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്. കാലടി സര്‍വകലാശാല വി.സി എം.വി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഹിയറിങ്ങിന് എത്താനും താത്പര്യം പ്രകടിപ്പിച്ചു. ഹിയറിങ് കൂടി കഴിഞ്ഞ ശേഷമാകും വിഷയത്തില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കുക.

അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്‍ച്ച നടത്തി. 

നംവംബര്‍ മൂന്നുവരെയായിരുന്നു ആദ്യം വിശദീകരണം നല്‍കാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് നവംബര്‍ ഏഴുവരെ സമയം നീട്ടി. വി.സിമാരുടെ വിശദീകരണങ്ങളും ഹിയറിങ്ങും രാജ്ഭവന്‍ പരിശോധിക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉള്ളതിനാല്‍ കോടതിയേയും അറിയിച്ചായിരിക്കും ഗവര്‍ണര്‍ നിലപാടെടുക്കുക.

അതിനിടെ, കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയെത്തി. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർനടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.