
തിരുവനന്തപുരം: രണ്ട ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തിരുവനന്തപുരത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവരും എത്തി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം അദ്ദേഹം രാജ്ഭവനിലേക്കു പോയി.
സമീപകാലത്തു നവീകരിച്ച വിവിഐപി സ്വീറ്റിലാകും താമസം. പത്നി ഡോ.സുധേഷ് ധൻകറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ വൈകിട്ടു സന്ദർശകരെ കാണും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിലും പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 9നു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാകും പ്രഭാതഭക്ഷണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒപ്പമുണ്ടാകും. 10.30നു നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം 12നു കണ്ണൂരിലേക്കു പോകും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. 10.30നാണ് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം. തുടർന്ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും.
കണ്ണൂർ വിമാനത്താവളത്തിൽനിന്നു തലശ്ശേരിയിലേക്കു പോകുന്ന ഉപരാഷ്ട്രപതി, അവിടെ തന്റെ അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കും.