കണ്ണൂര്‍ വൈദേകം റിസോട്ടില്‍ വിജിലന്‍സ് പരിശോധന

 കണ്ണൂര്‍ വൈദേകം റിസോട്ടില്‍ വിജിലന്‍സ് പരിശോധന
 

കണ്ണൂര്‍: കണ്ണൂര്‍ വൈദേകം റിസോട്ടില്‍ വിജിലന്‍സിന്റെ പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് പരിശോധന നടത്തിയത്. യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയിരുന്നത്. പ്രാഥമിക പരിശോധന നടത്തുകയാണ് ചെയ്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഇന്ന് ഉച്ചയോടെയാണ് സംഘം പരിശോധനയ്‌ക്കെത്തിയത്. പരിശോധന ഒരു മണിക്കൂര്‍ നേരം നീണ്ടു. നിര്‍മാണവുമായി ബന്ധപ്പെട്ട ചില രേഖകള്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാണ് വിജിലന്‍സ് ശേഖരിച്ചത്. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ വിലിലന്‍സിന് നല്‍കിയിട്ടുണ്ടെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഈ മാസം ആദ്യം വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് ഏഴ് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് സംസ്ഥാന ഏജന്‍സി കൂടി റിസോര്‍ട്ടിലെത്തുന്നത്.