കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് നഗരസഭാ ജീവനക്കാർ; മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

Mayor Arya Rajendran handed over complaint regarding alleged letter to CM
 

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിനോദ്, ഗിരീഷ് എന്നീ ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 

മാധ്യമങ്ങളിൽ കണ്ട കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. കൂടാതെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ ആനാവൂർ നാഗപ്പൻ, ഹരജിക്കാരനായ ജി.എസ് ശ്രീകുമാർ എന്നിവരുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് കോർപ്പറേഷൻ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
 

തിരുവനന്തപുരം നഗരസഭയിലെ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.അതേ സമയം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
 
ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാൽ ഇത് സാധൂകരിക്കണമെങ്കിൽ കത്തുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനൽ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

ഒറിജിനൽ കത്ത് കണ്ടെത്താൻ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. മേയറുടെ മൊഴിയടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് വ്യക്തമാക്കുന്നത്. കേസെടുത്തു അന്വേഷണം വേണമെന്ന ശുപാർശ ചെയ്‌തുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ ക്രൈം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. ഡി.ആർ അനിലിന്റെ കത്തിന്റെയും ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുകളുണ്ടാക്കി ചിത്രങ്ങളെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.