'നടന്നത് വെബ്‌ സീരീസ് ചര്‍ച്ച'; 30 കോടി വാഗ്ദാനം ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെയെന്ന് വിജേഷ് പിള്ള

vijeesh pillai

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള. നടന്നത് വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയാണെന്നും 30 കോടി വാഗ്ദാനം ചെയ്‌തെങ്കില്‍ അതിന്റെ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും വിജേഷ് പറഞ്ഞു. കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രിയെ കുറിച്ച് സംസാരിച്ചിട്ടില്ല. എംവി ഗോവിന്ദന്‍ നാട്ടുകാരനെന്ന് പറഞ്ഞിരുന്നുവെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി 27നാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. ബെംഗളൂരുവില്‍ വൈറ്റ്ഫീല്‍ഡില്‍ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടന്നത്. ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് അവിടെ പോയത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ക്ഷേത്രങ്ങളിലെ കാര്യങ്ങളില്‍ താല്‍പര്യമുള്ളതിനാല്‍ ബിജെപിയോട് അനുഭാവമുണ്ടെന്നും വിജേഷ് അറിയിച്ചു. തന്നെ എന്തിന് ഈ വിഷയത്തില്‍ ഉള്‍പ്പെടുത്തിയെന്ന് മനസിലാകുന്നില്ലെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.

വെബ് സിരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്നാണ് സ്വപ്നയോട് പറഞ്ഞിരുന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിയ്ക്കും മാനനഷ്ടത്തിന് പരാതി നല്‍കിയെന്ന് വിജേഷ് പിള്ള പറഞ്ഞു. അതിനിടെ ഇഡി വിജേഷിന്റെ മൊഴിയെടുത്തു. അതേസമയം, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നും കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.