സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യത

rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന്  കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നു മതല്‍ ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 110 ശതമാനം അധികം മഴയാണ് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വ്യാപക മഴ നൽകിയതിന്  കാരണമായത്.

ആന്‍ഡമാന് കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയുടെയും തെക്കന്‍ തമിഴ്‌നാടിൻ്റെയും തീരത്തേക്ക് ന്യൂനമര്‍ദം നീങ്ങും എന്നാണ് കരുതുന്നത്. വടക്ക് കിഴക്കന്‍കാറ്റ് ശക്തമായതും മഴ കനക്കാന്‍ ഇടയാക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവില്‍ലഭിക്കേണ്ടതിനെക്കാള്‍ 110 ശതമനം അധികം മഴപെയ്തു. 449 മില്ലീ മീറ്റര്‍ മഴകിട്ടേണ്ടിടത്ത് 941.5 മില്ലീമീറ്റര്‍ മഴകിട്ടി. പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ കിട്ടിയത് 185 ശതമാനം കൂടുതല്‍. 541 മീല്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 1539 മീല്ലീമീറ്റര്‍മഴ ലഭിച്ചു. 14 ജില്ലകളിലും വലിയതോതില്‍ മഴ കൂടിയതായാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നത്.