ഭാര്യയെ ആദ്യം നിര്‍ബന്ധിച്ചത് 4 വര്‍ഷം മുമ്പ്; പീഡിപ്പിച്ചത് 9 പേര്‍; യുവാവിൻ്റെ വീട്ടില്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍

 kottayam couple swapping case

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. ചങ്ങനാശ്ശേരിക്കാരിയായ യുവതി, കങ്ങഴ സ്വദേശിയായ ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

അതേസമയം കോട്ടയം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്പതുപേരാണെന്ന് പോലീസ് കണ്ടെത്തി. ഇവരില്‍ ആറുപേര്‍ പിടിയിലായി. പിടിലാകാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ഒരാള്‍ മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

മെസഞ്ചര്‍, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കപ്പിള്‍മീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളില്‍ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. വിദേശത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഈ കൂട്ടായ്മകളിലുള്ളതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ സംഘത്തിലുണ്ടെന്നും പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപാകമായ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍ പറഞ്ഞു.

ഭര്‍ത്താവിൻ്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് നാലുപേര്‍ക്കെതിരേ കേസെടുത്തത്. തിങ്കളാഴ്ച തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പോലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍. 

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിൻ്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.  

27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവാവ് അവിടെനിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്. നാട്ടിലെത്തിയ ശേഷം കൂട്ടായ്മയില്‍ സജീവമാകുകയും ഭാര്യയെയും പങ്കാളിയാകാൻ നിർബന്ധിക്കുകയുമായിരുന്നു.

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവിൻ്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യുവതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയും ചെയ്തു. പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ച് മറ്റുള്ളവര്‍ക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി.  

കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്ന ചിത്രം അയച്ചായിരുന്നു ഭീഷണി. ഇതിനിടയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി യുവതി ഒരു ബ്ലോഗര്‍ക്ക് ശബ്ദസന്ദേശം നല്‍കി. യുവതിയുടെ ശബ്ദംകേട്ട് സംശയംതോന്നിയ സഹോദരന്‍ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. പിന്നീട് സഹോദരന്‍ ഇടപെട്ട് ശനിയാഴ്ച കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിൻ്റെ കങ്ങഴയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നുകൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.  പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പോലീസ് സൂചിപ്പിച്ചു.