സംസ്ഥാനത്തെ കാട്ടുപന്നി ശല്യം: കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

rr
തിരുവനന്തപുരം; സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉൾപ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും. 21ന് വൈകിട്ട് നാലിന്് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച.നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതൽ സംസ്ഥാനത്ത് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഈ സർക്കാർ ചുമതലയേറ്റ ശേഷം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കുന്നതിനായി തോക്ക് ലൈസൻസുള്ള  വ്യക്തികൾക്ക് അനുവാദം നൽകുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നിരവധി കത്തുകൾ അയച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വനം മന്ത്രിയെ നേരിട്ട് കാണുന്നത്.


കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയിൽ ഉൾപ്പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ കൊല്ലുന്നത് ശിക്ഷാർഹമാണ്. എന്നാൽ ഇവയെ നിയമത്തിന്റെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കർഷകർക്കും പൊതുജനങ്ങൾക്കും നേരിട്ട് ഇവയെ കൊല്ലാൻ സാധിക്കും.
സംസ്ഥാനത്തെ ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞശേഷം സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയും മന്ത്രി അഭ്യർത്ഥിക്കും. ഈ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ധനസഹായം ആവശ്യമാണെന്ന കാര്യവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.സംസ്ഥാനത്തെ വനങ്ങളുടെ അതിർത്തി നിർണ്ണയിച്ച് അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിന് റവന്യുവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും.