വലിയ ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ല; ചെറിയ അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കി വിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാം സുരക്ഷ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ കെഎസ്ഇബി ഡാമുകൾ തുറന്ന് വിടേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കി വിടുമെന്നും അദ്ദേഹം അറിയിച്ചു.
ജലസേചന വകുപ്പിന് കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്ത് വിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നും ഇപ്പോള്‍ ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടിയന്തിര സാഹചര്യം നേരിടാൻ ജില്ലകളിൽ മന്ത്രിമാരുടെ നേത്യത്വത്തിൽ യോഗം ചേരും. മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മ്യഗ സംരക്ഷണ വകുപ്പിന്റെ ക്യാമ്പുകളുണ്ടാകും. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ട്രോളിങ്ങ് കഴിഞ്ഞ സാഹചര്യമായതിനാൽ മത്സ്യ തൊഴിലാളികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇത് വരെ 7 ക്യാമ്പുകൾ തുറന്നു. 90 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ – 807854858538.