×

ഇടയുമോ സി.പി.ഐ: മന്ത്രിമാരെ തൊടാതെ ബജറ്റ്

google news
.

വറുതിക്കാലത്തെ ബജറ്റിന്റെ പേരില്‍ പാളയത്തില്‍പ്പട കൂട്ടുകയാണ് സി.പി.ഐ മന്ത്രിമാര്‍. ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടോലോ തിളയക്കണം നമുക്കു ചോര ഞരമ്പുകളില്‍ എന്ന കവിതയില്‍ വായിച്ചവസാനിപ്പിച്ച ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റില്‍ തങ്ങളെ കാര്യമായി പരിഗണിച്ചില്ലെന്ന് പരസ്യമായി പറയാനും മന്ത്രിമാര്‍ തയ്യാറായി. ഭക്ഷ്യമന്ത്രി ജിആര്‍ അനിലും ജെ ചിഞ്ചുറാണിയുമാണ് പരസ്യപ്രതികരണത്തിന് മുതിര്‍ന്നത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും മന്ത്രിമാര്‍ പറയുന്നു. തങ്ങളെ നിരന്തരം തഴയുന്നത് ഇനി നോക്കിയിരിക്കില്ലെന്ന സൂചനയും മന്ത്രിമാരുടെ പരസ്യപ്രതികരണത്തിലുണ്ട്. 

.

സംസ്ഥാനത്ത് അരിവില കൂടാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി മുന്നററയിപ്പും നല്‍കുന്നുണ്ട്.  ഒ.എം.എസ് (ഓപണ്‍ മാര്‍ക്കറ്റ് സെയില്‍) സ്‌കീമില്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളെ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഈ വ്യവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സ്വകാര്യ കച്ചവടക്കാരായിരിക്കും മാര്‍ക്കറ്റില്‍ ഇടപെടുക. ഇത് വിലക്കയറ്റം സൃഷ്ടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബജറ്റില്‍ ഭക്ഷ്യ വകുപ്പിനുണ്ടായ അവഗണനയില്‍ ധനമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും. മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യും.  ഇന്നലെ ബജറ്റ് അവതരണം കഴിഞ്ഞ് ധനമന്ത്രിക്ക് കൈകൊടുക്കാന്‍ പോലും തയ്യാറാകാതെ ഭക്ഷ്യമന്ത്രി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. 

.

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലിനുള്ള നിര്‍ദേശങ്ങള്‍ ഭക്ഷ്യവകുപ്പ് നല്‍കിയെങ്കിലും ധനവകുപ്പ് പരിഗണിച്ചിട്ടില്ലെന്നതാണ് പ്രധാന പരാതി. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമുണ്ടെന്നും ഫണ്ട് ചോദിച്ചുവാങ്ങാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയില്‍ കാര്യക്ഷമമായി ഇടപെടാല്‍ കഴിയാത്തതും ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമവും നേരത്തെ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഗതാഗതവകുപ്പിന്്നല്‍കിയ പരിഗണന പോലും ഭക്ഷ്യവകുപ്പിന് നല്‍കിയില്ല. ടൂറിസം അടക്കം സി.പി.എം മന്ത്രിമാര്‍ക്ക് പണം അനുവദിച്ചപ്പോള്‍ എന്തുകൊണ്ട് സി.പി.ഐക്കാരുടെ വകുപ്പുകള്‍ക്ക് മതിയായ പണം നല്‍കിയില്ലെന്നതിന് ധനമന്ത്രി മറുപടി പറയേണ്ടിവരുമെന്നാണ് സി.പി.ഐ മന്ത്രിമാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

.

റവന്യൂമന്ത്രി കെ. രാജനും പരസ്യമായി പറഞ്ഞില്ലെങ്കിലും ബജറ്റിലെ പോരായ്മകള്‍ പരിഹരിക്കണണെന്ന നിലപാടില്‍ തന്നെയാണ്. ബജറ്റിന്‍മേല്‍ വകുപ്പു തിരിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ നടക്കുമ്പോള്‍ മന്ത്രിമാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കുകയോ, സഭയില്‍ അവതരിപ്പിക്കുകയോ ചെയ്യമെന്നുറപ്പാണ്. ബജറ്റിന്റെ പേരില്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ വിഷയങ്ങളിലും സി.പി.എമ്മിനെതിരായ നിലപാടും വീക്ഷണവുമാണ് സി.പി.ഐക്കുള്ളത്. സി.പി.ഐയുടെ നേതൃമാറ്റം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. അന്തരിച്ച മുന്‍ സെക്രട്ടറി കാനം രജേന്ദ്രന്‍ സി.പി.എമ്മിന്റെ സഹയാത്രികനായിരുന്നു. എന്നാല്‍, നിലവിലെ സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം സി.പി.എമ്മിന്റെ എല്ലാ നിലപാടുകളെലും അംഗീകരിക്കുന്ന ആളല്ല. 

.

ഈ കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാകും സി.പി.ഐ പാര്‍ട്ടി നിലപാട് പറയുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തനം സി.പി.ഐയേക്കാള്‍ മോശമായാണ് പോകുന്നതെന്ന വിലയിരുത്തല്‍ പൊതുവേ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജനങ്ങളുമായി അടുത്തു നില്‍ക്കുന്ന ഭക്ഷ്യവകുപ്പിനെ മോശമാക്കാനുള്ള ഗൂഢമായ ഇടപെടലാണോ നടക്കുന്നതെന്ന സംശയമാണ് ഉയരുന്നത്. അരിവിലയും, അവശ്യ സാധനങ്ങളും കിട്ടാതെ വന്നാല്‍, അത് ഭക്ഷ്യമന്ത്രിയുടെ കഴിവു കേടുകൊണ്ടാണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ധരിച്ചാല്‍ സി.പി.ഐയുടെ രാഷ്ട്രീയ മൈലേജിന് കോട്ടം തട്ടും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇത് ബാധിക്കുമെന്ന ഭയത്തിലാണ് സി.പി.ഐ.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags