കൊടകര കുഴല്‍പ്പണക്കേസ് ധാരണയിലെത്തി അവസാനിപ്പിക്കുമോ ; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

satheeshan

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനാവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തിയെന്നും, അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. 

നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു അതാണ് ഗുരുതരമായ പ്രശ്നമെന്നും ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കവേ സതീശന്‍ പറഞ്ഞു. എത്ര തുകയാണ് കൊണ്ടുവന്നത്. ഒമ്പതര കോടിയെന്ന് വാര്‍ത്ത. ആറ് കോടി മറ്റ് ജില്ലയില്‍ പോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര പണം കണ്ടെടുത്തു. ധര്‍മ്മരാജന്‍ 25 ലക്ഷം മാത്രം തട്ടിയെടുത്തെന്നാണ് പരാതി പറഞ്ഞതെന്നും, ഇയാൾ അറിയപ്പെടുന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്നും സതീശൻ പറഞ്ഞു.

ബിജെപി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി മറുപടിയില്‍ ശ്രദ്ധിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞത് ഒരു ശ്മശാനത്തില്‍ വിമാനം വീണപ്പോള്‍ 2000 ശവശരീരങ്ങള്‍ കിട്ടി എന്നാണ്. ഈ രണ്ടായിരം ശവശരീരങ്ങളും വിമാനത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാ. തുകയെക്കുറിച്ചാണ് ഈ പറയുന്നത്. തുക കൂടുതലാണ് എന്ന് പറയാന്‍ സമര്‍ഥിക്കുകയാണ്. പല വിമാനങ്ങള്‍ പല വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഹെലിക്കോപ്ടറുകള്‍ ഇറങ്ങി. മറ്റ് വാഹനങ്ങള്‍ ഇറങ്ങി. എത്ര കോടി രൂപ ഈ തിരഞ്ഞെടുപ്പില്‍ ആളുകളെ സ്വീധീനിക്കുന്നതിനായി ചിലവഴിക്കപ്പെട്ടു.  ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ കുഴല്‍പ്പണം എത്തിച്ച സംഭവം നടന്നതെന്ന് സതീശൻ സഭയിൽ പറഞ്ഞു.

പണത്തിന്റെ സോഴ്സ് അന്വേഷിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോയെന്നും, എന്തു കൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തതെന്നും സതീശൻ ചോദിച്ചു. സെക്ഷന്‍ 54 എഫ് പ്രകാരം ഇത് സംസ്ഥാന പോലീസ് എന്‍ഫോഴ്സെമ്ന്റ് ഡയറക്ടറേറ്റിന് റഫര്‍ ചെയ്യേണ്ടേയെന്നും, അഞ്ച് കോടിയില്‍ താഴെയായത് കൊണ്ട് ഞങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. ഇത് അഞ്ച് കോടിയല്ല അതില്‍ കൂടുതലുണ്ട് എന്ന് പറഞ്ഞ്  പോലീസിന് അവരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഐപിഎസ് റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥ അന്വേഷിച്ച കേസ് അന്വേഷിക്കാന്‍ ഇപ്പോള്‍ പ്രത്യേക സംഘത്തെ വച്ചിരിക്കുന്നുവെന്നും അതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നാകുമെന്നും സതീശന്‍ പറഞ്ഞു.