സ്ത്രീപക്ഷ നവകേരളത്തിൽ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ സജീവപങ്കാളികളാവും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

yy

തിരുവനന്തപുരം;സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പയിനിന്റെ ഭാഗമാകാൻ യുവതീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മികച്ച പരിശീലന പരിപാടികൾ ഏർപ്പെടുത്തിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ 19500 ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങൾ വിവിധ പരിശീലന പരിപാടികളുടെ ഭാഗമാകും. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും അതിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകം തയ്യാറാക്കിയ മൂന്നു പ്രധാന മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലാണ് പരിശീലനം. കമ്യൂണിറ്റി കൗൺസിലർമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരാണ് ജില്ലാതല പരിശീലകർ. ഒരാൾക്ക് ഒരു സി.ഡി.എസിന്റെ ചുമതലയാണ് നൽകുകയെന്ന് മന്ത്രി പറഞ്ഞു.
 

സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾ, അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും സ്ത്രീകളെ പ്രാപ്തരാക്കുക, നിലവിലുള്ള നിയമങ്ങൾ, സേവന സംവിധാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചും ലിംഗപദവി, ലിംഗസമത്വം, ലിംഗനീതി തുടങ്ങിയവയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നിവയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഗ്രൂപ്പ് ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉയർന്നു വരുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഗ്രൂപ്പിന്റെ പ്രതിനിധികൾ അവതരണം നടത്തും. പരിശീലന ചുമതല വഹിക്കുന്ന ഫെസിലിറ്റേറ്റർമാർ അനുകൂലവും പ്രതികൂലവുമായിട്ടുള്ള അഭിപ്രായങ്ങൾ പ്രത്യേകം രേഖപ്പെടുത്തും. പൊതു ചർച്ചകൾക്കു ശേഷം അതിന്റെ ക്രോഡീകരണം നടത്തി റിസോഴ്സ് പേഴ്സൺമാർ അവതരിപ്പിക്കും. മൂന്നു മാസം നീളുന്ന വിവിധ പരിശീലനങ്ങളാണ് ഇവർക്കായി സംഘടിപ്പിക്കുന്നത്. ഒരു ദിവസം ഒരു മൊഡ്യൂളാണ് ചർച്ച ചെയ്യുക. ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ ഓക്സിലറി ഗ്രൂപ്പുകളിലും 'സ്ത്രീധനവും അതിക്രമങ്ങളും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി.  
 

പരിശീലന കളരികളിൽ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കും എതിരേ പൊതുസമൂഹത്തിൽ നിരന്തര ഇടപെടലുകൾ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴി വിവിധ പ്രചരണ പരിപാടികളും ഏറ്റെടുക്കും. റീൽസ് വീഡിയോ, ട്രോൾസ്, പോസ്റ്ററുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രചാരണ ഉപാധികളായിരിക്കും സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു.