വനിതാ ദിനം; സ്ത്രീകൾക്കായി പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

metro
 

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്ത്രീകൾക്കാണ് മാർച്ച് എട്ടിന് ഇളവുകൾ ലഭിക്കുക. 20 രൂപ ടിക്കറ്റിൽ മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാമെന്ന് മെട്രോ അധികൃതർ അറിയിച്ചു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് സ്റ്റേഷനുകളിൽ നാാപ്കിൻ വെൻഡിംഗ്് മെഷീനുകൾ സ്ഥാപിക്കും.

ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം. ഈ വെൻഡിംഗ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. നെക്‌സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യമൊരുക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളും റീസൈക്കിൾ ചെയ്ത അലുമിനിയം, പ്ലാസ്റ്റിക് മാലിന്യവും ഉപയോഗിച്ചാണ് നെക്‌സോറ അക്കാദമിയിൽ വിദ്യാർത്ഥികൾ ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും അധികം കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചക്ക് 12 മണിക്ക് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ആദരിക്കും. വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്‌റ്റേഷനുകളിൽ സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധന നടത്തും. കലൂർ സ്‌റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് നടത്തും. സൗത്ത് സ്റ്റേഷനിൽ സ്ത്രീകളുടെ ജീവിത്തിലെ നവിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും സംഘടിപ്പിക്കും.