തിരുവനന്തപുരം കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

dead body
 

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്സലാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കമലേശ്വരത്ത് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അഫ്സലിന് വെട്ടേറ്റത്.  

സംഭവത്തിൽ രണ്ടുപേരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിമഠം സ്വദേശികളായ സൂര്യ, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. അഫ്സലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം ഏറെ നഷ്ടപ്പെടുകയും ചെയ്തു.

പ്രതികളിൽ ഒരാളുടെ സഹോദരന്റെ ബൈക്ക് സ്‌കൂളിന് മുന്നിൽ വെച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്സലിന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെട്ടിട്ടുണ്ട്.