×

യൂത്ത് കോണ്‍ഗ്രസുകാരുടെ തലയ്ക്കടിച്ചു,പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല

google news
Db

ആലപ്പുഴ: ആലപ്പുഴയില്‍ കളക്റ്ററേറ്റ് മാര്‍ച്ചിനിടെ വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡി ജി പിക്ക് കത്ത് നല്‍കി. 

 

യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പ്രവീണ്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹരിത ബാബു ഉള്‍പ്പെടെ പതിനാറോളം പേര്‍ക്കാണ് പരിക്കേറ്റത്. ഏറെ പേര്‍ക്കും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ലാത്തി മുറിയെ തല്ലിയത് ബോധപൂര്‍വ്വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രമാണ്. പൊലീസ് മാന്യുവല്‍പോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സര്‍വ്വീസില്‍ വെച്ച്‌ പൊറിപ്പിക്കരുത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

      

വനിതകള്‍ക്കുപോലും പ്രത്യേക പരിഗണന ഉണ്ടായില്ല. പുരുഷ പൊലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച്‌ അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി ജി പി ദര്‍വേഷ് സാഹിബിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

    

ചെന്നിത്തലയുടെ വാക്കുകള്‍

കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയത് ഭീകരമായ മര്‍ദ്ദനമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനു നേരെ ഗുണ്ടാ മോഡല്‍ ആക്രമണമാണ് പൊലീസ് നടത്തിയത്. പ്രവീണിന്റെ തല തല്ലിപ്പൊളിക്കുകയായിരുന്നു. അധികാരത്തിന്റെ അഹങ്കാരത്തില്‍ മുഖ്യമന്ത്രിക്കിപ്പോള്‍ ജനകീയ സമരങ്ങളോട് അലര്‍ജിയാണ്. വനിതാ പൊലീസുകാരില്ലാതെ വനിതാ പ്രവര്‍ത്തകരെ പൊലീസ് നേരിടുക എന്നത് എന്ത് മര്യാദകേടാണ്. ഇതൊരു കാരണവശാലും അംഗീകരിക്കില്ല. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും എതിരെ ജനാധിപത്യസമരങ്ങള്‍ ഉയര്‍ന്നുവരും. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെയെല്ലാം പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന ധാരണ വേണ്ട. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു