ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി

ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി
 

കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിനെ മർദ്ദിച്ചതായി പരാതി. കൃഷിയിടത്തില്‍ പോയി തിരികെ ഓട്ടോയില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കൈയും കാലും കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയെന്നു പരാതി. ആര്യങ്കാവ് സ്വദേശി സന്ദീപ് മാത്യുവിനാണ് മർദ്ദനമേറ്റത്. കേസില്ലാതെ സെല്ലിൽ അടച്ച്, കെട്ടിയിട്ട് മർദ്ദിച്ചെന്ന് സന്ദീപ് പറഞ്ഞു. 

സെല്ലിനകത്ത് രക്തം ഒലിപ്പിച്ച് മുറിവേറ്റ് നിൽക്കുന്ന സന്ദീപിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാല്‍ സ്റ്റേഷനിലെത്തി സന്ദീപാണ് പ്രശ്നമുണ്ടാക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സന്ദീപ് മർദ്ദിച്ചെന്നും വിശദീകരണം. സന്ദീപിനെ തെന്മല പൊലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വെള്ളിയാഴ്ച വൈകിട്ട് 5ന് ആയിരുന്നു സംഭവം. കടമാന്‍പാറയിലുള്ള വസ്തുവില്‍ പോയി തിരികെ ഓട്ടോയില്‍ വരുന്ന സമയത്ത് ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വച്ച് ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകര്‍ ഓട്ടോ തടഞ്ഞു. ഈ സമയത്ത് എവിടെപ്പോവുകയാണെന്നും വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സാന്ദീപിന്റെ കൃഷിയിടത്തില്‍ പോയി വരികയാണെന്ന് ഓട്ടോ ഡ്രൈവര്‍ ജോസഫ് വനപാലകരോട് പറഞ്ഞു. മറുപടിയില്‍ തൃപ്തി വരാതെ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയും വാഹനം പരിശോധിക്കണമെന്നും വനപാലകർ ആവശ്യപ്പെട്ടു.

സ്ഥിരം കൃഷിഭൂമിയില്‍ പോയി വരുന്നതാണെന്നും ഇതേ നാട്ടുകാരനാണെന്നും പറഞ്ഞിട്ട് കേള്‍ക്കാതെ വന്നതോടെ സാന്ദീപും വനപാലകരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം മുറികയതോടെ സാന്ദീപിനെ വലിച്ചിഴച്ചുകൊണ്ട് സ്റ്റേഷനിലുള്ളിലേക്ക് പോയി കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. കൈയും കാലും കെട്ടിയിട്ടാണ് മര്‍ദിച്ചതെന്നും മര്‍ദനത്തില്‍ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം, ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ നിറഞ്ഞുവെന്നും ഇതോടെ ടീഷർട്ട് വനപാലകര്‍ ഊരിമാറ്റിയെന്നും പരാതിയുണ്ട്.