വാടക നൽകാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി യൂസഫലി

yusufali ma

കൊച്ചി: വാടക നൽകാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് ആശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലോക്ക് ഡൗൺ മൂലം വിഷമത്തിലായി വാടക കൊടുക്കാൻ സാധിക്കാതെ വന്ന താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയ്ക്കാൻ വ്യവസായി എം എ യൂസഫലിയുടെ സഹായം ലഭിക്കുക. പ്രസന്ന അടക്കാനുള്ള വാടക കുടിശ്ശിക നാളെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജി സി ഡി എയില്‍ അടക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. 

2015ൽ വായ്പയെടുത്താണ് പ്രസന്ന കട തുടങ്ങിയത്. മൂന്നര ലക്ഷം രൂപയായിരുന്നു എടുത്തത്. സുഖമില്ലാത്ത കുട്ടിയെ ഉൾപ്പടെ നോക്കി കുടുംബം പോറ്റിയിരുന്നത് ഈ കടയിലെ വരുമാനം കൊണ്ടായിരുന്നു. എന്നാൽ നാലു ദിവസം മുമ്പ് കടയുടെ വാടക കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതര്‍ കട അടപ്പിക്കുകയായിരുന്നു. വരുമാന മാർഗം നിലച്ചതോടെ പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 

നാല് ദിവസമായി കടക്ക് മുന്നില്‍ ഇവർ സമരം ചെയ്തുവരികയാണ്. ഈ വിവരം അറിഞ്ഞാണ് വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി യൂസഫലി രംഗത്തെത്തിയത്. ലോക്ക് ഡൗൺ കാരണം വാടക നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രസന്ന. ഇതോടെയാണ് വാടക കുടിശിക നൽകിയില്ലെന്ന് പറഞ്ഞ് അധികൃതർ കട പൂട്ടിച്ചത്. കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ സാധനങ്ങളെല്ലാം വാരി പുറത്തിട്ടത് വലിയ വാർത്തയായിരുന്നു.

സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. കുടിശിക തവണകളായി അടയ്ക്കാൻ അവസരം നൽകാമെന്നും ജി സി ഡി എ ചെയർമാൻ വി സലീം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസന്നയ്ക്ക് സഹായവാഗ്ദാനവുമായി യൂസഫലി രംഗത്ത് വന്നത്.

നേരത്തെ ടി ജെ വിനോദ് എംഎൽഎ പ്രസന്നകുമാരിയെ സന്ദർശിയ്ക്കുകയും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.