സിക്ക വൈറസ്: കേന്ദ്രത്തില്‍ നിന്നും ആറംഗ സംഘം കേരളത്തിലെത്തും

zika

തിരുവനന്തപുരം: സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. ആറംഗ സംഘമാവും എത്തുക. സിക്ക സ്ഥിരീകരിച്ച സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. അതിനിടെ, രോഗപ്പകര്‍ച്ച വ്യാപകമാകുന്നത് തടയാന്‍ ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കി. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദേശം.  

കൊതുകു വഴി പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ഇത്തരമൊരു ആശങ്ക സംസ്ഥാന ആരോഗ്യ വകുപ്പിനുമുണ്ട്. അതിനിടെയാണ് കേന്ദ്ര സംഘം എത്തുന്നത്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം.
 
സാംപിളെടുത്ത് വൈകിയാണ് ഫലം ലഭിക്കുന്നത് എന്നതിനാൽവ്യാപനം എത്രത്തോളമായി എന്നതിൽ ചിത്രം വ്യക്തമല്ല.  മെയ് മാസത്തിൽ അയച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 

പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.  ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും.    
സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പനിയുള്ള ഗർഭിണികളിൽ  പരിശോധന നടത്തി സിക്ക വൈറസ് അല്ലെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗർഭം ധരിക്കാൻ തയാറെടുക്കുന്നവർക്കും കൊതുക് കടിയേൽക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് ഉണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ  യാത്ര ചരിത്രം അടക്കം കണ്ടെത്തും. സംസ്ഥാനത്ത് ലാബ് സൗകര്യം വർധിപ്പിക്കും.

കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതാണ്. 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.