ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയുമായി കഴിയുന്നത് ലിവ് ഇൻ റിലേഷൻഷിപ്പല്ല: പഞ്ചാബ് ഹൈക്കോടതി


ചണ്ഡിഗഢ്: ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയ്ക്കൊപ്പം കഴിയുന്നത് ലിവ് ഇൻ റിലേഷൻഷിപ്പായി കണക്കാക്കാൻ കഴിയില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ഇത് നിയമപ്രകാരം കുറ്റകരമാണെന്നും ഹൈക്കോടതി വിധിച്ചു.
ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്ന യുവാവും യുവതിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ നീരീക്ഷണം.
സ്ത്രീയുടെ കുടുംബത്തിൽ നിന്ന് കൊല്ലുമെന്ന ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇവരുടെ ഹർജി തള്ളുകയായിരുന്നു. ഭാര്യയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് ഐ.പി.സി 494/495 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് ജസ്റ്റിസ് കുൽദീപ് തിവാരി പറഞ്ഞു.
ഇങ്ങനെയുള്ള ബന്ധങ്ങളെ ലിവ് ഇൻ റിലേഷൻഷിപ്പായോ റിലേഷൻഷിപ്പ് പോലുമായോ കണക്കാക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്നും ജീവന് ഭീഷണിയുണ്ട് എന്ന് തെളിയിക്കുന്ന ഒരു വിവരവും നൽകാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നും കോടതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു