തിരുവനന്തപുരം: മനുഷ്യരുടെ വ്യസനങ്ങളെപ്പറ്റിയും ആകുലതകളെക്കുറിച്ചുമുള്ള തിരിച്ചറിവുകളാണ് തന്റെ കഥകളിലുള്ളതെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. ഡോ. എൻ നൗഫലുമായി നടത്തിയ സംഭാഷണം എഴുത്തുകാരന്റെ രചനാ ജീവിതത്തെ വളരെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതായിരുന്നു.
കുട്ടികളെ മനസിലാക്കാനും കുട്ടികളെക്കുറിച്ച് എഴുതാനും ശ്രമിച്ചിട്ടുള്ള ആളെന്ന നിലയിൽ അവരുടെ ദുരിതങ്ങൾ എന്നും പ്രസക്തമായ വിഷയമാണെന്ന് സി.വി. ബാലകൃഷ്ണൻ പറഞ്ഞു.
കയ്പുനിറഞ്ഞ ബാല്യകാലാനുഭവങ്ങളാണ് സാഹിത്യത്തിലേക്കെത്തിച്ചത്. ജീവിതത്തിൽ കണ്ടിട്ടുള്ളതും വായിച്ചറിഞ്ഞതുമായ സ്ത്രീകളുടെ വ്യഥകൾ അനുഭാവപൂർവ്വം പകർത്താൻ ശ്രമിച്ചിട്ടുണ്ട്. സമൂഹത്തിലെ ഗോപ്യമായിട്ടുള്ള പ്രമേയമാണ് ലൈംഗികത, അതിനെ യാഥാർഥ്യബോധത്തോടെ കാണാൻ എഴുത്തുകാർ തയ്യാറാകുന്നില്ല. അത്തരത്തിൽ എഴുത്തുകാരന്റെ ധീരത കാണിച്ചിട്ടുള്ള ചുരുക്കം ചില സാഹിത്യകാരന്മാരാണ് തകഴി, ഒ.വി. വിജയൻ, മാധവിക്കുട്ടി എന്നിവർ.
‘ആയുസിന്റെ പുസ്തകം’, ‘ദിശ’, ‘രതിസാന്ദ്രത’ തുടങ്ങിയ തന്റെ പുസ്തകങ്ങളെക്കുറിച്ച് സി.വി. ബാലകൃഷ്ണൻ സംസാരിച്ചു. മനുഷ്യൻ അനുഭവിക്കുന്ന ഏകാന്തതയെ വിവരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചിട്ടുള്ളത്. സാഹിത്യംപോലെ തന്നെ സ്വാധീനിച്ച ഒന്നാണ് സിനിമകളെന്നും എഴുത്തിൽ ദൃശ്യ വാങ്മയം കൊണ്ടുവരാൻ സിനിമയുടെ ആഖ്യാന രീതി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു