ബൈക്ക് യാത്രക്കാരനിൽ നിന്ന് നാല് മാസം മുമ്പ് 11.40 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയെടുത്ത കേസ് ; സംഘത്തലവനായ യുവാവ് പിടിയിൽ

d

തേഞ്ഞിപ്പലം: പൊലീസ് ചമഞ്ഞെത്തി ചേലേമ്പ്ര സ്വദേശിയായ ബൈക്ക് യാത്രക്കാരനിൽ നിന്ന് നാല് മാസം മുമ്പ് 11.40 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരകനും സംഘത്തലവനുമായ യുവാവ് പിടിയിലായി. എറണാകുളം അങ്കമാലി കണ്ണംകുളത്ത് പള്ളിപ്പാടത്ത് മിഥുൻ ഡിക്സനെയാണ് (39) തൃശ്ശൂർ മാളയിൽ വനിത സുഹൃത്തിൻറെ വീട്ടിൽ നിന്ന് പിടികൂടിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം എസ്.ഐ സംഗീത് പുനത്തിൽ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

2021 നവംബർ 30നായിരുന്നു സംഭവം. ഒരു മാസത്തിനുള്ളിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. സംഘം സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യകണ്ണിയെ പിടികുടിയത്. ചേളാരിക്കടുത്ത് പാണമ്പ്രയിലാണ് ബൈക്ക് തടഞ്ഞുനിർത്തി പൊലീസ് എന്ന വ്യാജേന ബൈക്കിൽ സൂക്ഷിച്ച പണം തട്ടിയെടുത്ത് സംഘം കാറിൽ രക്ഷപ്പെട്ടത്. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി കാളാത്ത് മുഹമ്മദ് കോയ (51) നൽകിയ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.