ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് ക്രൂരമര്‍ദ്ദനം

sreechitra
 

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് സഹപാഠികളിൽ നിന്ന് ക്രൂരമര്‍ദ്ദനം. ആര്യനാട് സ്വദേശിയായ കുട്ടിയെ അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് ആണ്  തല്ലിച്ചതച്ചെന്നാണ് പരാതി. പരിക്കേറ്റ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞയുടന്‍ കുട്ടിയെ നെടുമങ്ങാട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുടുംബം എത്തിച്ചിരുന്നു. എന്നാല്‍ അവശനിലയില്‍ ആയതിനാല്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമിലെ ഓണ പരിപാടികള്‍ക്ക് ശേഷമാണ് സംഭവം. മര്‍ദ്ദനമേറ്റ  വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം തിരക്കാനായി പുവര്‍ ഹോമിലെ സൂപ്രണ്ടുമായി ബന്ധപ്പെട്ടു. എന്നാല്‍ കേസ് അടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതോടെ സിഡബ്ല്യൂസിക്ക് കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.