വർക്കല ചെമ്മരുതിയിൽ 16 കാരിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡിപ്പിച്ച കേസിൽ 19-കാരൻ പിടിയിൽ

rape

തിരുവനന്തപുരം: വർക്കല ചെമ്മരുതിയിൽ 16 കാരിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡിപ്പിച്ച കേസിൽ 19-കാരൻ പിടിയിൽ. വർക്കല ചിലക്കൂർ ഗ്രാലികുന്ന്‌ ഷർമാനത്ത് മൻസിലിൽ സുൽഫാനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്.  സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ വഴിമധ്യേ വച്ച്  പ്രതി പെൺകുട്ടിയുടെ പുറകെ കൂടി ബന്ധം സ്ഥാപിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.  

ആറ് മാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സുൽഫാൻ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നുയെന്നും ഇത് രക്ഷകർത്താക്കൾ ഇടപെട്ട് തടഞ്ഞിരുന്നുയെന്നും പൊലീസ് പറയുന്നു. എന്നാൽ പെൺകുട്ടിയുടെ ഭാവി ഓർത്ത് അന്ന് വീട്ടുകാർ സംഭവം പൊലീസിൽ പരാതി പെട്ടിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തുകയും തന്ത്രപൂർവ്വം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നുയെന്നും പൊലീസ് പറയുന്നു. 

പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിൽ പുലർച്ചയോടെ പ്രതി കുട്ടിയെ തന്ത്രപൂർവം വീട്ടിൽ തിരികെ കൊണ്ടാക്കി കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാതാവിന്റെയും പെൺകുട്ടിയുടേയും മൊഴി മജിസ്ട്രേറ്റിൻ്റെ സാനിധ്യത്തിൽ രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ സുൽഫാനെ റിമാൻഡ് ചെയ്തു.