റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് മരണം
Sat, 6 Aug 2022
നെടുമ്പാശ്ശേരിയിലെ റോഡിലെ കുഴിയിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പറവൂർ മാഞ്ഞാലി സ്വദേശി 52 കാരനായ ഹാഷിമാണ് മരിച്ചത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്നും ഹാഷിം തെറിച്ച് വീഴുകയായിരുന്നു.
ഹാഷിം വീണ സമയത്ത് പിറകിൽ വന്ന വാഹനം ദേഹത്ത് കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം കയറി ഇറങ്ങിയതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല.
ഹോട്ടൻ ജീവനക്കാരനാണ് ഹാഷിം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10.30ഓടെയാണ് അപകടമുണ്ടായത്.