വീണ്ടും തെരുവുനായ ആക്രമണം; രണ്ടു കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റു

dogs
വീണ്ടും തെരുവുനായ ആക്രമണം. കാട്ടാക്കടയില്‍ രണ്ടു കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റു. ബസ് കാത്തുനിന്നവര്‍ക്ക് നേരെയും ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ മറ്റൊരു കുട്ടിക്കും നേരെയുമാണ്  തെരുവുനായ ആക്രമണം ഉണ്ടായത്.ആമച്ചല്‍, പ്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ബസ് കാത്തുനിന്ന രണ്ടു കുട്ടികള്‍ക്കാണ് കടിയേറ്റത്. നാട്ടുകാര്‍ വിരട്ടിയോടിച്ചതിനെ തുടര്‍ന്ന് ഓടിയ തെരുവുനായ ബസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ഒരു കുട്ടിയെയും മറ്റൊരു യുവതിയെയും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട, നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

കഴിഞ്ഞദിവസം ഒറ്റപ്പാലത്തും സമാനമായ രീതിയില്‍ തെരുവുനായ ആക്രമിച്ചു. പന്ത്രണ്ടുകാരനെയാണ് കടിച്ചത്. വരോട് അത്താണിയില്‍ മനാഫിനെയാണ് നായ കടിച്ചത്. മദ്രസയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. പ്രദേശത്ത് മറ്റ് രണ്ടുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വിജയന്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.