മറയൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച അച്ഛൻ പിടിയിൽ

ഇടുക്കി: മറയൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച അച്ഛൻ പിടിയിൽ.മൂന്നാർ സ്വദേശിയായ 42 കാരനാണ് റിമാൻഡിലായത്. ഒന്നരക്കൊല്ലത്തോളമായി ഇയാൾ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.അമ്മാവനും പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്ന് ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വന്തം മകളെ നാലരവയസുള്ളപ്പോൾ മുതൽ ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു.പുറത്തു പറയാതിരിക്കാൻ അമ്മയേയും ഭീഷണിപ്പെടുത്തി.കുട്ടിയോടുള്ള അതിക്രമം തുടർന്നപ്പോൾ അമ്മ കുട്ടിയെ ബാലഭവനിലാക്കുകയായിരുന്നു.
അവധി ദിവസങ്ങളിൽ പോലും കുട്ടിയെ അമ്മ വീട്ടിലേക്ക് കൊണ്ടു വരാത്തതിനെ തുടർന്ന് സംശയം തോന്നിയ ബാലഭവൻ അധികൃതർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ അമ്മാവനും പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ഛനെ മറയൂർ പോലീസ് പിടികൂടി റിമാൻഡ് ചെയ്യുകയായിരുന്നു.