ഇരട്ടപ്പാതയുടെ കമീഷനിങ്ങുമായി ബന്ധപ്പെട്ട ജോലികളുടെ ഭാഗമായി കോട്ടയം പാതയിൽ വ്യാഴാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം

കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ കമീഷനിങ്ങുമായി ബന്ധപ്പെട്ട ജോലികളുടെ ഭാഗമായി കോട്ടയം പാതയിൽ വ്യാഴാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഇതിൽ വിവിധ പാസഞ്ചറുകളും ഉൾപ്പെടും.
28 വരെയാണ് നിയന്ത്രണം. പാലരുവി എക്സ്പ്രസ് 23, 24, 25, 27 തീയതികളിൽ വൈകീട്ട് 5.20ന് മാത്രമേ പാലക്കാട്ടുനിന്ന് പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (17230) എക്സ്പ്രസ് 23 മുതൽ 28 വരെ ഭാഗികമായി റദ്ദാക്കി. 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ സെക്കന്തരാബാദിൽനിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവിസ് നടത്തൂ. തിരുവനന്തപുരത്തുനിന്നുള്ള ശബരി എക്സ്പ്രസ് (17229) 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ തൃശൂരിൽനിന്നാകും സർവിസ് ആരംഭിക്കുക.