16കാരിയെ പ്രലോഭിപ്പിച്ച് ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു

arrest for rape

കോവളം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ പ്രലോഭിപ്പിച്ച് ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

പൊഴിയൂർ സ്വദേശി ഷിബു (22) ആണ് അറസ്റ്റിലായത്. 2021 ഓഗസ്റ്റ് 30നായിരുന്നു സംഭവം. ശാരീരീക അസ്വസ്ഥതയെതുടർന്ന് ചികിത്സക്കെത്തിയപ്പോഴാണ് പീഡന വിവരം പെൺകുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ കോവളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽപോയ പ്രതിയെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് വർക്കല ഭാഗത്ത് തീവണ്ടിയിൽനിന്ന് പിടികൂടുകയായിരുന്നു. കോവളം എസ്.എച്ച്.ഒ ജി. പ്രൈജു, എസ്.ഐ എസ്. അനീഷ്‌കുമാർ, എ.എസ്.ഐ മുനീർ, സി.പി.ഒമാരായ ബിജേഷ്, ഷൈജു, സന്തോഷ്, ലജീവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.