മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

rape

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38)  കൊച്ചി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ ആണ് ദിലീപിൻറെ അറസ്റ്റ്.

മാട്രിമോണിയൽ സൈറ്റ് വഴിയാണ് ദിലീപ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. കാനഡയിൽ ജോലി ചെയ്തുവരികയായിരുന്ന യുവതി വിവാഹ മോചനത്തിനുള്ള നടപടികൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ദിലീപുമായി അടുപ്പത്തിലാവുന്നത്. 2021 ജനുവരിയിൽ നാട്ടിലെത്തിയ യുവതിയെ ദിലീപ് തൻറെ ജന്മദിനം ആഘോഷിക്കാനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കൊച്ചിയിലെ ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പീഡന ദൃശ്യങ്ങൾ ദിലീപ് മൊബൈലിൽ പകർത്തിയത് യുവതി അറിഞ്ഞിരുന്നില്ല. കുറച്ച് കാലത്തിന് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ദിലീപിന് സംശയം തോന്നി. ഇതോടെ പീഡന ദൃശ്യങ്ങൾ ഇയാൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ച് കൊടുക്കുകയായിരുന്നു. യുവതിയുടെ പിതാവ് തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇയാൾ ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.a