ഭക്ഷണ പൊതിയിൽ വിഷം ;തിരുവനന്തപുരത്തും നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ

dogs
 

തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തും നായകകൾ കൂട്ടത്തോടെ ചത്ത നിലയിൽ. വഞ്ചിയൂർ ചിറക്കുളത്താണ് സംഭവം. നായകളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പരാതി. 

രാത്രി നായകൾക്ക് ഒരാൾ ഭക്ഷണം കൊടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.തങ്ങൾ ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന നായകളേയും വളർത്തു നായകളേയും ചത്ത നിലയിൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി 10.45 ഓടെ കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി വച്ചുകൊടുക്കുകയായിരുന്നു. ചത്ത നായകൾ ഏറെ സമയം കഴിഞ്ഞിട്ടും റോഡിൽ തന്നെ കിടക്കുകയായിരുന്നു. ഇവയെ മാറ്റുന്നത് സംബന്ധിച്ചും നാട്ടുകാരും കോർപ്പറേഷനും തമ്മിൽ തർക്കമുണ്ടായി.

നായകളെ വിഷം കൊടുത്തു കൊന്നുവെന്ന് കോർപ്പറേഷൻ അധികൃതരെ അറിയിച്ചിട്ടും ഇടപെടലുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.നായകൾക്ക് ആരാണ് വിഷം കലർത്തിയ ഭക്ഷണം കൊടുത്തതെന്ന് വ്യക്തമല്ല.  കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തും എറണാകുളത്തും  നായയെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.