ലോവർ കരിക്കകത്തേക്ക് മാറ്റി സ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റിൽ മദ്യക്കുപ്പികളുടെ ലോഡ് ഇറക്കുന്നതിനെതിരെ പ്രതിഷേധം

nn

കൊട്ടാരക്കര: മേലില പഞ്ചായത്തിൽ ലോവർ കരിക്കകത്തേക്ക് മാറ്റി സ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റിൽ മദ്യക്കുപ്പികളുടെ ലോഡ് ഇറക്കുന്നതിനെതിരെ പ്രതിഷേധം.

കൊട്ടാരക്കര സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ഇടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിദേശ മദ്യശാലയാണ് ലോവർ കരിക്കകത്തേക്ക് മാറ്റിയത്. ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് മദ്യശാല മാറ്റി സ്ഥാപിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് മദ്യക്കുപ്പികളുടെ ലോഡ് ഇവിടേക്ക് എത്തിയത്. ലോഡ് ഇറക്കാൻ തുടങ്ങുന്നതിനിടെ നാട്ടുകാരും വിവിധരാഷ്ട്രീയ പാർട്ടി പ്രവർത്തകരും ചേർന്ന് തടയുകയായിരുന്നു.

എം.സി റോഡ് കടന്നുപോകുന്ന കരിക്കകം ഭാഗത്ത് അപകടങ്ങൾ കൂടുതലാണെന്നും കരിക്കകം അപകട മേഖലയായതിനാൽ മദ്യശാല മാറ്റണമെന്നുമാവശ്യപ്പെട്ട സി.പി.ഐ, യൂത്ത്‌കോൺഗ്രസ്, എ.ഐ.വൈ.എഫ് എന്നിവർ ചേർന്ന് പ്രതിഷേധിച്ചു. മദ്യക്കുപ്പികളുമായി കൂടുതൽ വാഹനങ്ങൾ എത്തിയത് സംഘർഷത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നറിഞ്ഞ് കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ചർച്ച നടത്തിയ ശേഷം വൈകീട്ട് അഞ്ചിനാണ് മദ്യക്കുപ്പികൾ സ്റ്റോറിലേക്ക് മാറ്റാൻ സാധിച്ചത്.