സ്വകാര്യ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ കൗണ്ടർ പ്രവർത്തനം നിലച്ചിട്ട് കാലങ്ങളായി

xs

ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ കൗണ്ടർ പ്രവർത്തനം നിലച്ചിട്ട് കാലങ്ങളായി. ഇതുമൂലം ബസുകൾ സ്റ്റാൻഡിൽ കയറുന്നില്ല. ആലുവ ഡിപ്പോക്ക് കീഴിലുള്ളതാണ് ഈ സ്റ്റേഷൻ.

എന്നാൽ, ഡിപ്പോയിൽ ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്ററില്ലെന്ന പേരിൽ കോവിഡിനുമുമ്പ് പലപ്പോഴും അടച്ചിടുകയായിരുന്നു പതിവ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന ശേഷം ഓഫിസ് ഇതുവരെ തുറന്നിട്ടില്ല. മുമ്പ് കണ്ടക്ടർമാരെ ഉപയോഗിച്ചാണ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർമാരുടെ മറ്റ് ഡ്യൂട്ടികൾ ഒഴിവാക്കിയതോടെ സ്റ്റേഷൻ ഡ്യൂട്ടിക്ക് ആളില്ലാതായി. ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്റർമാരെ അനുവദിക്കുകയോ കണ്ടക്ടർമാരെ ഈ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കുകയോ ചെയ്താലേ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയൂ. എന്നാൽ, ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ സ്വകാര്യ ബസ് സ്റ്റാൻഡ്‌ വഴി പോകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. പറവൂർ, അങ്കമാലി, വരാപ്പുഴ, മാള തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളാണ്‌ തുടക്കത്തിൽ ഇതുവഴി കടന്നുപോയിരുന്നത്. അതോടൊപ്പം എറണാകുളത്തുനിന്ന് മൂന്നാർ, കട്ടപ്പന, കുമളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകളും ബൈപാസ് സർവിസ് റോഡിൽനിന്ന് പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ ഓപറേറ്റിങ് കൗണ്ടർ വഴി സർവിസ് നടത്തിയിരുന്നു.