അമോണിയ എനർജി ഇംപ്രൂവ്മെന്റ് പ്രോജക്ട് വിജയകരമായി കമ്മീഷൻ ചെയ്ത് എം സി എഫ്

mcf
 

തിരുവനന്തപുരം : അമോണിയ എനർജി ഇംപ്രൂവ്മെന്റ് പ്രോജക്റ്റ് വിജയകരമായി കമ്മീഷൻ  ചെയ്ത് മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്. അഡ്വൻറ്റ്സ്  ഗ്രൂപ്പ് കമ്പനിയായ സുവാരി അഗ്രോ കെമിക്കൽ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എം സി എഫ്). രാസവള നിർമ്മാണ മേഖലയിൽ 50 വർഷം പാരമ്പര്യമുള്ള എം സി എഫ് തങ്ങളുടെ എനർജി ഇംപ്രൂവ്മെന്റ് പ്രോജക്ട് കമ്മീഷൻ ചെയ്തതിലൂടെ നിലവിലുള്ള പ്ലാന്റിൽ ആധുനിക പ്ലാന്റുകൾക്ക് തുല്യമായ ഊർജ്ജക്ഷമത കൈവരിച്ചിരിക്കുകയാണ്. 400 കോടി രൂപ മൂലധനത്തിൽ ആവിഷ്കരിച്ച പദ്ധതി ഈ രംഗത്ത് മികച്ച പുരോഗതി കൈവരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

ഡിസംബർ 2020 ൽ എം സി എഫിന്റെ യൂറിയ ഉത്പാദന പ്രവർത്തനങ്ങൾ  നാഫ്തയിൽ നിന്നും വാതകത്തിലേയ്ക്ക് മാറിയിരുന്നു. നിലവിലെ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം 2025 ഡിസംബറോടുകൂടി യൂറിയ നിർമ്മാണ കമ്പനികൾ  ഊർജ്ജ ഉപഭോഗ മാനദണ്ഡങ്ങളിൽ കാര്യമായ കുറവ് വരുത്തേണ്ടത് അത്യാവശ്യമാണ്. കേന്ദ്ര രാസവള വകുപ്പിന്റെ ഉത്തരവിന് അനുസൃതമായി, പഴയ പ്ലാന്റിനെ നവീകരിച്ച് അത്യാധുനിക പ്ലാന്റുകളുടെ കാര്യക്ഷമതയ്‌ക്കൊപ്പം എത്തിക്കാൻ എം സി എഫിന് കഴിഞ്ഞിട്ടുണ്ട്. 

നിലവിലുള്ള പ്ലാന്റുകളിൽ അമോണിയ ഉത്പാദന മേഖലയിലെ സാങ്കേതിക വിദഗ്ധർ പഠനങ്ങൾ നടത്തുകയും ആഗോള പ്രമുഖരായ വിതരണക്കാരുടെ സഹായത്തോടുകൂടി നവീകരണപദ്ധതി പൂർത്തിയാക്കുകയും ചെയ്തു. കമ്മീഷനു ശേഷം ഉത്പാദനം 25 ശതമാനം വർദ്ധിക്കുമെന്നും ഊർജ്ജ ഉപഭോഗം 10 മുതൽ 15 ശതമാനം വരെ കുറയുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. നിലവിലുള്ളതിനെ അപേക്ഷിച്ച്  ഊർജ്ജ ഉപഭോഗം 5.5 ഗിഗാ കാലറി / മെട്രിക് ടണ്ണായി കുറയ്ക്കുന്നതിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷമൊരുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..

1970 മുതൽ കർണാടകയിലെ യൂറിയ ഉത്പാദന മേഖലയിലും കോംപ്ലക്സ് ഫെർട്ടിലൈസേഴ്സ് ഉത്പാദന മേഖലയിലും പ്രവർത്തിക്കുന്ന ഏക രാസവള നിർമ്മാണ കമ്പനിയാണ് എം സി എഫ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കർഷകർക്ക് ആവശ്യമായ സഹകരണം ഒരുക്കുവാൻ എം സി എഫിന് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. എംസിഎഫിന്റെ ബ്രാൻഡായ 'ജയ് കിസാൻ മംഗള' ഉത്പാദന മികവുകൊണ്ടും ഗുണനിലവാരം കൊണ്ടും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിക്കഴിഞ്ഞു.

പ്രോജക്ട് കമ്മീഷനിങ്ങിനു വേണ്ടി പ്ലാന്റ് അടച്ചിട്ട കാരണത്താൽ ഈ വർഷത്തിന്റെ ഒന്നാം പാദത്തിലും സെപ്റ്റംബർ 30 വരെയുള്ള അർദ്ധവാർഷിക കാലയളവിലും കമ്പനി സാമ്പത്തികമായി ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്ലാന്റിലെ പുതിയ ആധുനിക സൗകര്യവും ഉത്പാദന ക്ഷമതയിലെ വർധനവും കൊണ്ട്  ഈ വർഷത്തിലെ ബാക്കിയുള്ള കാലയളവിൽ കാര്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാൻ കമ്പനിക്ക് കഴിയുമെന്ന് എം സി എഫ് ചീഫ് ഫിനാൻഷ്യൽ  ഓഫീസർ ടി എം  മുരളീധരൻ പറഞ്ഞു.