കേരളത്തിലേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങി ആരന്‍ക്യു

aryanq

തിരുവനന്തപുരം: രാജ്യത്തൊട്ടാകെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്റ്റോറേജ് ബാറ്ററി നിര്‍മാതാവും വിതരണക്കാരുമായ ആരന്‍ക്യു. സംസ്ഥാനത്തെ പൊതുമേഖലാ വാഹനനിര്‍മാതാക്കളായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡുമായി (കെ.എ. എല്‍) ഒരു ദീര്‍ഘകാല കരാറില്‍ കമ്പനി ഒപ്പുവെച്ചു. കെ.എ.എല്‍ വികസിപ്പിക്കുന്ന വാഹനങ്ങള്‍ക്കുള്ള മോട്ടോര്‍, മോട്ടോര്‍ കണ്ട്രോളര്‍, ബാറ്ററികള്‍ എന്നിവ ആരന്‍ക്യു നല്‍കും.

ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ പുത്തനമ്പലം വാര്‍ഡില്‍ ആരന്‍ക്യുവിന്റെ കേരളത്തിലെ ആദ്യത്തെ ഓഫിസ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങി. നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. കെ.എ.എല്ലിനൊപ്പം വാഹനനിര്‍മാണ രംഗത്ത് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും കമ്പനി പങ്കാളിയാകും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനായി കമ്പനി തയാറാക്കിയിട്ടുള്ള വിശാല വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കം.

കേരളത്തിലുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരന്‍ക്യുവിന്റെ ഓപ്പറേഷന്‍സ് ഹെഡ് വി.ജി. അനില്‍ പറഞ്ഞു.

പുനെയിലാണ് കമ്പനിയുടെ പ്രധാന ഓഫിസ്. കഴിഞ്ഞ 15 വര്‍ഷമായി യുഎസ്പി ബാറ്ററികള്‍, ഊര്‍ജശേഖരണ സംവിധാനങ്ങള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും സോളാര്‍ സംവിധാനങ്ങള്‍ക്കുമുള്ള ബാറ്ററികള്‍ എന്നിവ നിര്‍മിക്കുന്നു. രാജ്യത്തെ പ്രതിരോധ, കാര്‍ഷിക, പെട്രോകെമിക്കല്‍ രംഗങ്ങള്‍ ആരന്‍ക്യു കമ്പനിയുടെ ബാറ്ററി ഉത്പന്നങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.