×

ഹൈഡ്രജന്‍ ഹാക്കത്തണില്‍ ജേതാക്കളായി മുട്ടത്തറ എന്‍ജിനീയറിങ് കോളജ് അധ്യാപകര്‍

google news
.

തിരുവനന്തപുരം: ഇന്ത്യയിലെ ഹൈഡ്രജന്‍ വാലി വികസനം എന്ന  വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 9, 10 എന്നീ ദിവസങ്ങളിലായി നടന്ന ഹൈഡ്രജന്‍ ഹാക്കത്തണില്‍ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള മുട്ടത്തറ എന്‍ജിനീയറിംഗ് കോളേജിലെ  ഇലക്ട്രിക്ക് എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകരുടെ ടീം ജേതാക്കളായി. മുട്ടത്തറ കോളേജിലെ അധ്യാപകരായ ഡോ. സി ശ്രീകാന്ത്, അനസ് എസ് ആര്‍, ബിനു മേരി പണിക്കര്‍, അഭിലാഷ് ആര്‍ എസ്, ശാലിനി എം വേണുഗോപാല്‍ എന്നിവരാണ് 'ടീം എച് 2 മിഷനി'ലെ അംഗങ്ങള്‍.

 ഇന്ത്യയുടെ ഹരിതവും സുസ്ഥിരവുമായ ഊര്‍ജ്ജഭാവിയിലേക്കു അര്‍ത്ഥവത്തായ സഹകരണം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംപാക്റ്റ് ഹൈഡ്രജന്‍, ശാസ്ത്ര സാങ്കേതിക മന്ത്രാലയം (ഇന്ത്യ ഗവണ്‍മെന്റ്), നെതര്‍ലന്‍ഡ്സ് എന്റര്‍പ്രൈസ് ഏജന്‍സി, ഇന്ത്യയിലെ നെതര്‍ലാന്‍ഡ്‌സ് എംബസി, ഗ്രോനിംഗന്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ ഹൈഡ്രജന്‍ ഹാക്കത്തണ്‍ നടത്തപ്പെട്ടത്. ഹാക്കത്തോണില്‍ വിജയിച്ച അധ്യാപകരുടെ ടീം ഈ വര്‍ഷം മെയില്‍ നെതെര്‍ലാന്‍ഡ്‌സിലെ നോട്ടര്‍ഡാമില്‍ നടക്കുന്ന വേള്‍ഡ് ഹൈഡ്രജന്‍  സമ്മിറ്റില്‍ പങ്കെടുക്കും.

 12 മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 250 പേരാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ടീമുകളായി തിരിഞ്ഞാണ് ഈ ഓണ്‍ലൈന്‍ ഹാക്കത്തണില്‍ മത്സരിച്ചത്. ഹക്കത്തണ്‍ ഉദ്ഘാടനം ഇന്ത്യയിലെ നെതര്‍ലന്‍ഡ്സ് അംബാസിഡര്‍ എം ഗെറാര്‍ഡ്സ് നിര്‍വഹിച്ചു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എനര്‍ജി ആന്‍ഡ് സസ്റ്റൈനബിള്‍ ടെക്‌നോളജി മേധാവി ഡോ അനിത ഗുപ്ത,  ഫോറെസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്‌മെന്റ് അഡിഷണല്‍ ചീഫ് സെക്രട്ടറി, കേരളസര്‍ക്കാര്‍, ജ്യോതിലാല്‍ ഐ എ എസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags