മുഖപ്പുകൾ, നാലുകെട്ട്, ക്ഷേത്രനിർമാണം: തദ്ദേശീയ വാസ്തുവിദ്യയുടെ വിജ്ഞാനപ്രവാഹമായി പൈതൃകോത്സവം സെമിനാർ

google news
Pathrikotsavam Seminar as Knowledge Stream of Indigenous Architecture
 

തിരുവനന്തപുരം: കേരളത്തിൻ്റെ തദ്ദേശീയമായ വാസ്തുവിദ്യയുടെ സവിശേഷതകളും വിവിധ നിർമിതികളുടെ പ്രത്യേകതകളും വിശദീകരിക്കുന്ന സെമിനാർ ശ്രദ്ധേയമായി. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിൻ്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളിൽ നടന്ന ആർക്കിടെക്ചറൽ സെമിനാർ സെഷൻ തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്തു. 

ഒരു പഴയ കുടുംബത്തിൽ ജനിച്ച് പഴയരീതികളിലൂടെ വളർന്നുവന്ന തനിക്ക് കേരളത്തിലെ വാസ്തുവിദ്യയും ക്ഷേത്രനിർമാണകലയുമെല്ലാം ഏറെ പ്രിയപ്പെട്ടതാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പറഞ്ഞു. വാസ്തുവിദ്യാ ഗുരുകുലം സ്ഥാപതി എ ബി ശിവൻ സ്വാഗതമോതിയ ചടങ്ങിൽ പ്രൊഫ. വി കാർത്തികേയൻ നായർ അധ്യക്ഷനായിരുന്നു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, മൂത്താശാരിമാരായ രഘു ആചാരി (കിടങ്ങൂർ, കോട്ടയം), ബാലൻ ആചാരി (പറളി, പാലക്കാട്) എന്നിവരെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പൊന്നാടയണിയിച്ച് ആദരിച്ചു.

നമ്മുടെ നാട്ടിൽ നിർമിക്കുന്ന ആറന്മുളക്കണ്ണാടി, പഞ്ചലോഹ വിഗ്രഹം തുടങ്ങിയവ നിർമിക്കാനുപയോഗിക്കുന്ന ഈയം, നാകം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ചൈനാക്കാർ കൊണ്ടുവന്നതാണെന്ന് പ്രൊഫ. വി കാർത്തികേയൻ നായർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. വാസ്തുശാസ്ത്രത്തിൻ്റെ അടിസ്ഥാനമെന്നത് അളവുകളും അനുപാതങ്ങളുമാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിവിധ കൊട്ടാരങ്ങളിലും കൂത്തമ്പലങ്ങളിലും നിർമിച്ചിരിക്കുന്ന മുഖപ്പുകളുടെ സവിശേഷതകൾ വിശദീകരിക്കുന്നതായിരുന്നു ഡോ. ഉമാ മഹേശ്വരി അവതരിപ്പിച്ച സെമിനാർ. ഈ നിർമിതികളിലെ മുഖപ്പുകളിൽ വായുസഞ്ചാരത്തിനായി നിർമിച്ച സുഷിരങ്ങളിൽപ്പോലും മനോഹരമായ കൊത്തുപണികളുണ്ടെന്ന് അവർ വിശദീകരിച്ചു. കേരളത്തിൽ മഴകൂടുതലായതിനാലാണ് നമ്മുടെ നിർമിതികൾക്കെല്ലാം ചരിഞ്ഞ മേൽക്കൂരകൾ ഉണ്ടായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

zzzzz

പാരമ്പര്യ വാസ്തുവിദ്യാ അറിവുകൾ നമ്മുടെ സർവ്വകലാശാല സിലബസുകളിൽ വേണ്ടവിധത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അതെക്കുറിച്ച് ഗവേഷണം നടത്തുന്ന ആതിര എസ്. ബി (എൻ ഐ ടി കാലിക്കട്ട്) പറഞ്ഞു. വടക്കേ ഇന്ത്യയിലെ വിശ്വകർമ ചിന്താപദ്ധതിയും തെക്കേ ഇന്ത്യയിലെ ദ്രാവിഡ അഥവാ മയ ചിന്താ പദ്ധതിയും നമ്മുടെ സിലബസുകളിൽ ഉൾപ്പെടുത്തേണ്ടതാണ്. രാജ്യത്തെ ഓരോ പ്രദേശത്തും തനതായ വാസ്തുവിദ്യാ രീതികൾ ഉണ്ടെന്നും അവയെ പ്രത്യേകമായി കാണണമെന്നും ആതിര തൻ്റെ സെമിനാറിൽ വിശദീകരിച്ചു. 

ക്ഷേത്രമേൽക്കൂരകളുടെ നിർമാണത്തിലെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന സെമിനാറുമായി കോട്ടയം സ്വദേശിയായ രഘു ആചാരി ശ്രദ്ധനേടി. ക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള സെമിനാർ പാലക്കാട് സ്വദേശിയായ ബാലൻ ആചാരിയും അവതരിപ്പിച്ചു. ഇന്ത്യൻ വാസ്തുവിദ്യയുടെ സവിശേഷതകളായ ശില്പവിദ്യകളെയും ആചാരപരമായ  നിർമിതികളെയും കുറിച്ച് വിശദീകരിക്കുന്ന സെമിനാർ ആയിരുന്നു വാട്ടർ അതോറിറ്റിയുടെ മുൻ ചീഫ് എഞ്ചിനീയർ ആയ ഡോ. പി ഗിരീശൻ അവതരിപ്പിച്ചത്. കേരളത്തിലെ നാലുകെട്ടുകളുടെ സവിശേഷതകളും നിർമാണരീതിയും വിശദീകരിക്കുന്ന എ. ബി ശിവൻ്റെ (സ്ഥാപതി, വാസ്തുവിദ്യാ ഗുരുകുലം) സെമിനാർ കൗതുകകരമായ പല അറിവുകളും പ്രദാനം ചെയ്യുന്നതായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം