ആളൊഴിഞ്ഞ പുരയിടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ

death
 

 ആലപ്പുഴ: പള്ളിപ്പുറത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയേയും യുവാവിനേയും ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണൻ (23) , ഇയാളുടെ വീടിനു സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി എലിസബത്ത് (17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ  പുരയിടത്തിലെ ഷെഡിലാണ് ഇരുവരെയും കണ്ടെത്തിയത്. 

അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങൾ കാണപ്പെട്ടത്. പൂച്ചാക്കലിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് എലിസബത്ത് . സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂൾ കഴിഞ്ഞ് വരുന്ന സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. എലിസബത്തിൻ്റെ ബന്ധുക്കൾ ചേർത്തല പോലീസിൽ പരാതി നൽകുകയും  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.മരണപ്പെട്ട അനന്തകൃഷ്ണൻ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. മൃതദേഹങ്ങൾ ഇന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.