അമ്പലപ്പുഴ-എറണാകുളം റെയിൽവേ പാത ഇരട്ടിപ്പിക്കൽ;ഒരു മാറ്റം പോലും റെയിൽവേ വരുത്തിയിട്ടില്ല; ആരിഫ് എം പി

arif mp
 

അമ്പലപ്പുഴ-എറണാകുളം റെയിൽവേ പാത ഇരട്ടിപ്പിക്കൽ റെയിൽവേയുടെ സ്വന്തം ചിലവിൽ തന്നെ നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ് അതിൽ ഒരു മാറ്റം പോലും റെയിൽവേ വരുത്തിയിട്ടും ഇല്ല എന്ന് വ്യക്തമാക്കി ആരിഫ് എംപി . പാത ഇരട്ടിപ്പിക്കലിനുള്ള തുക ഇപ്രാവശ്യത്തെ റെയിൽവേ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതുമാണ്.

ഒരു ഘട്ടത്തിൽ ആലപ്പുഴ-കായംകുളം റെയിൽവേ ഡബ്ലിങ് നിർത്തിവച്ചിരുന്നു. എന്നാൽ ആലപ്പുഴയെ പ്രതിനിധികരിച്ചു ഞാൻ ലോക്‌സഭ എം.പി.യായി വന്ന സമയം മുതൽ തുടർ പ്രവർത്തനത്തിന് വേണ്ടിയുള്ള കഠിന ശ്രമം നടത്തിയിരുന്നു. അതിന്റെ ഫലമായി ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ശ്രീ. ജോൺ തോമസ് മുൻകൈയെടുക്കുകയും കേന്ദ്ര റെയിൽവേ അധികൃതരുമായി സംസാരിക്കുകയും ഭൂമി ഏറ്റെടുക്കലും പണിയും റെയിൽവേയുടെ മുതൽ മുടക്കിൽ പുനരാരംഭിക്കുകയും ചെയ്തു, ഇതാണ്‌ വസ്തുത എന്നിരിക്കെ, അമ്പലപ്പുഴ-എറണാകുളം റെയിൽവേ പാത ഇരട്ടിപ്പിക്കൽ റെയിൽവേ സ്വന്തം നിലയിൽ നിർവഹിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് കാട്ടി ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ അധികൃതർ രേഖാമൂലം നൽകിയ മറുപടി എന്ന നിലയിൽ പത്രങ്ങളിൽ വാർത്ത കൊടുത്തിരിക്കുകയാണ്. റെയിൽവേ ബോർഡ്‌ നേരത്തെ തന്നെ ഇങ്ങനെയാണ് നിർമ്മാണ പ്രവർത്തനം നടത്താൻ പോകുന്നത് എന്നുള്ള വിവരം ശ്രീ കൊടിക്കുന്നിൽ സുരേഷിന് അറിയില്ലായിരുന്നു എന്നതാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌.

ഇടക്കാലത്ത് പാത ഇരട്ടിപ്പിക്കലിനായി റെയിൽവേ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് പ്രൊപ്പോസൽ ബോർഡിന്റെ പരിഗണനയിലുള്ളപ്പോൾ അത് നടപ്പിലാക്കാനുള്ള കാലതാമസം നേരിട്ടപ്പോളാണ് വീണ്ടും റെയിൽവേ ബോർഡ് അധികൃതരെ എംപി എന്ന നിലയിൽ ഞാൻ കാണുകയും സംസാരിക്കുകയും ഒടുവിൽ അത് സംബന്ധിച്ച് ഒരു തീരുമാനം താമസിയാതെ ഉണ്ടാകും എന്ന ഉറപ്പ്‌ ലഭിക്കുകയും ചെയ്തത്‌. ഇതു സംബന്ധിച്ച്‌ എന്റെ പ്രസ്താവനയും മറ്റും മാധ്യമങ്ങൾക്ക് ഞാൻ നേരത്തെ തന്നെ നൽകിയിട്ടുള്ളതുമാണ്. നേരത്തെ തന്നെ റെയിൽവേയുടെ സ്വന്തം ചെലവിൽ മുന്നോട്ടു പോകാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്ത പദ്ധതി ഇപ്പോൾ ശ്രീ. കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യപ്രകാരം റെയിൽവേ സ്വന്തം ചിലവിൽ നിർമ്മിക്കാൻ തീരുമാനമെടുത്തു എന്ന തരത്തിൽ വാർത്ത കൊടുത്തിരിക്കുന്നത് ശുദ്ധ വിവരക്കേടാണ്. ഇദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.

ഇതിനുമുമ്പ് ആലപ്പുഴയിൽ മെമു സർവീസ് 12 ബോഗിയായി സർവീസ് നടത്തിക്കൊണ്ടിരുന്നത്‌ 16 ബോഗിയായി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു എന്ന രീതിയിൽ വാർത്ത നൽകിയ അതേ വിഡ്ഢിത്തം തന്നെയാണ് ശ്രീ. കൊടിക്കുന്നിൽ സുരേഷ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്നും ഉള്ള എംപിമാരുടെ പ്രതിനിധിയായി സീനിയർ അംഗമെന്ന നിലയിൽ ഞങ്ങളുടെയൊക്കെ കാര്യം അവതരിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ തീരുമാനിക്കുകയും അവരുടെ പാർട്ടി തീരുമാനപ്രകാരം റെയിൽവേ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി തീരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എല്ലാ പാർലമെന്റ് അംഗങ്ങളുടെയും മണ്ഡലത്തിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാതെ വെറുതെ പ്രസ്താവനകൾ നൽകുകയാണ് ഇദ്ദേഹം ചെയ്യുന്നത്. അതുകൊണ്ട് കേരളത്തിലെ എംപിമാരുടെ പൊതു പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല. യുഡിഎഫിലെ പല എം പി മാരും ഈ കാര്യത്തിൽ പരാതിക്കാരാണ്. പല എംപിമാർക്കും അസഹനീമായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ഇടപെടലുകൾ. അതുകൊണ്ട് ഈ വിവരദോഷം നിർത്താൻ ശ്രീ. കൊടിക്കുന്നിൽ സുരേഷ് തയ്യാറാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പ്രവർത്തികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ ബോർഡ് ചെയർമാനായ ശ്രീ വി കെ ത്രിപാടിയുമായി ചർച്ച നടത്തുകയും പദ്ധതി വേഗത്തിൽ തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കാം എന്ന് ചെയർമാൻ ഉറപ്പ് നൽകുകയും ചെയ്തും എന്നും ആരിഫ് എം പി പറഞ്ഞു.