ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നു പോകുന്നത്;മാക്കേക്കടവ് – നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു

arif
 

ആലപ്പുഴ - കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ചൊവ്വാഴ്ച പാലത്തിന്റെ നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് ഉറപ്പ് നല്‍കി. പഴയ എസ്റ്റിമേറ്റ് തുക പുതുക്കുന്നതിന് വേണ്ട നടപടികള്‍ വേഗമാക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

പാലത്തിന് 800 മീറ്റര്‍ നീളവും 750 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളുമുണ്ട്. 22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തായി 47.16 മീറ്റര്‍ നീളത്തില്‍ നാവിഗേഷന്‍ സ്പാനും 35.76 മീറ്റര്‍ നീളമുള്ള നാല് സ്പാനുകളും 35.09 മീറ്റര്‍ നീളമുള്ള 16 സ്പാനുകളുമാണുള്ളത്.

തുറവൂരില്‍ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊന്‍കുന്നം, എരുമേലി വഴി പമ്പയില്‍ എത്തുന്നതാണ് പാത. തുറവൂര്‍ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എരുമേലി തുടങ്ങി ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നു പോകുന്നത്.