തൊഴിലുറപ്പ് തൊഴിലാളികള്‍ നടപ്പാതയൊരുക്കി; കുരിശിങ്കല്‍ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം

thozhilurappu

ആലപ്പുഴ: എഴുപുന്ന പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കുരിശുങ്കല്‍ മേഖലയില്‍ യാത്രാദുരിതത്തിന് വിരാമം കുറിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ടൈല്‍ പതിച്ച നടപ്പാതയൊരുക്കുന്നു. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പാത നിര്‍മാണവും ടൈല്‍ പതിക്കലും നടത്തുന്നത്. 3.4ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. 

ഈ തൊഴിലില്‍ പ്രാവീണ്യം നേടിയ നാലു പേര്‍ ഉള്‍പ്പെടെ പത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നു. ആറു ദിവസം കൊണ്ട്  നിര്‍മാണം പൂര്‍ത്തിയാകും. നിലവില്‍ 81 മീറ്റര്‍ നീളത്തിലാണ് ടൈല്‍ പതിക്കുന്നത്. പദ്ധതിയുടെ തുടര്‍ച്ചയായി പ്രദേശത്തെ ശോചനീയാവസ്ഥയിലായ മറ്റു റോഡുകളും പുനര്‍നിര്‍മിക്കും. 

കുരിശിങ്കല്‍ പ്രദേശത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 15ലേറെ റോഡുകള്‍ പഞ്ചായത്തില്‍ നിര്‍മിച്ചിട്ടുണ്ട്. 

(ചിത്രമുണ്ട്)

ചിത്രവിവരണം: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കുരിശിങ്കലില്‍ നടപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

(പി.ആര്‍./എ.എല്‍.പി./3024)