ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി തുറന്നു പ്രവര്‍ത്തിക്കണം; ആരോഗ്യമന്ത്രിയ്ക്ക് നഗരസഭാ കൗണ്‍സിലറുടെ പരാതി

km

ചെങ്ങന്നൂര്‍: നിര്‍ദ്ധന രോഗികളുടെ ആശ്രയമായ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് നഗരസഭാ കൗണ്‍സിലറുടെ പരാതി. കഴിഞ്ഞ മെയ് 20 മുതല്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന കാരുണ്യ ഫാര്‍മസി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സലറും മുന്‍ ചെയര്‍മാനുമായ കെ.ഷിബുരാജന്‍ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. 

ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഒ.പി. അടക്കമുള്ള പ്രധാന ഭാഗങ്ങള്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റിഡിന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയും ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് മാറ്റുന്നതിനായി മെയ് 20 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. പുതിയ കെട്ടിടത്തിലേക്ക് ഫാര്‍മസി മാറ്റുന്നതിനായി ലൈസന്‍സിനുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നു. അപേക്ഷ പ്രകാരം ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഫാര്‍മസി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ നാളിതുവരെ പരിശോധന നടത്തിയിട്ടില്ല. 

രോഗികള്‍ക്ക് മരുന്നുകള്‍ 20 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ക്യാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ വലിയ വിലക്കുറവില്‍ ഇവിടെനിന്നും ലഭിക്കുന്നത് ഏറെ ആശ്വാസകരമായിരുന്നു. ഫാര്‍മസി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പുറത്തു നിന്നും വലിയ വിലകൊടുത്ത് മാരക രോഗങ്ങളുടെ വരെ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലുമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ രോഗികള്‍ക്ക് മറ്റു വിദൂര സ്ഥലങ്ങളില്‍ പോയി മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയുമാണ്. അടിയന്തിരമായി കാരുണ്യ ഫാര്‍മസി തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെ.ഷിബുരാജന്‍ ആരോഗ്യ വകുപ്പു മന്ത്രിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.