ചേര്‍ത്തല ശ്രീനാരായണ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം- ബാലാവകാശ കമ്മീഷന്‍

sreenaaraayaanaa
 

ആലപ്പുഴ: ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ നിര്‍ദേശിച്ചു. സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് കമ്മീഷന്‍ പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ എന്ത് ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിയുമെന്ന് മുനിസിപ്പാലിറ്റി അറിയിക്കണം. വിഷയത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ ഹിയറിംഗ് ഈ മാസം 13ന് രാവിലെ 11ന് നടത്തി തുടര്‍നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കും.

നിലവില്‍ സ്‌കൂള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും വ്യക്തമാക്കി 13ന് മുന്‍പ് സ്‌കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.