ഒരു കൊടി ഉയർന്നാൽ തൊട്ടടുത്ത് മറ്റുള്ളവരും.

alappuzha
 

ആലപ്പുഴ :നാടിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് സർക്കാരിന്റെ അനുമതിയോടെയാണോ എന്നു ഹൈക്കോടതി ചോദിക്കുന്നു. മിക്കയിടത്തും വഴി മുടക്കിയാണ് നിയമലംഘനം കൊടികുത്തി വാഴുന്നത്. അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ജനങ്ങൾ ബുദ്ധിമുട്ടിയാലും പല സംഘടനകളും അവയൊന്നും മാറ്റാറില്ലെന്നു മാത്രമല്ല, കൂടുതൽ ‘മരങ്ങൾ’ നടുന്നതിലാണ് അവർക്കു താൽപര്യം. ഒരു പാർട്ടിയുടെയോ യൂണിയന്റെയോ കൊടി ഉയർന്നാൽ തൊട്ടടുത്ത് മറ്റുള്ളവരും സ്ഥാപിക്കും ഒരു കൊടിമരം. 

കൊടികുത്തി നിയമലംഘനം

റോഡിൽ തടസ്സമുണ്ടാക്കുന്നതു മാത്രമല്ല പ്രശ്നം. പല കവലകളിലും പുറമ്പോക്ക് കയ്യേറി കൊടി നാട്ടിയിട്ടുണ്ട്. അടുത്തു തന്നെ വിശ്രമ സ്ഥലമെന്ന പേരിൽ ഒരു ഷെഡ് സ്ഥാപിക്കും. പിന്നാലെ അത് ഓഫിസായി സ്ഥിരപ്പെടും. മുഹമ്മ മേഖലയിൽ തണ്ണീർമുക്കം, സ്കൂൾകവല, ഇലഞ്ഞാംകുളങ്ങര, മുട്ടത്തിപ്പറമ്പ്, പുത്തനങ്ങാടി തിയറ്റർ ജംക്‌ഷൻ, പുത്തനങ്ങാടി ജംക്‌ഷൻ, തുരുത്തൻകവല, കായിപ്പുറം കവല, ആര്യക്കര, കെജി കവല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊടികൾ പറക്കുന്നുണ്ട്.

മണ്ണഞ്ചേരി ഹൈസ്കൂളിന് പടിഞ്ഞാറ് കുന്നപ്പള്ളി ജംക്‌ഷനിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയുമായി 9 കൊടിമരങ്ങളുണ്ട്. ഇവയിൽ മൂന്നെണ്ണം റോഡിനു നടുവിലാണ്. രാത്രി കൊടിമരം കാണാതെ വാഹനങ്ങൾ അപകടത്തിൽപെടാറുണ്ട്. എന്നാലും കൊടിമരങ്ങൾ മാറ്റാൻ ആരും തയാറല്ല. ഉന്നത നിലവാരത്തിൽ റോഡ് പുനർനിർമിച്ചപ്പോഴും കൊടിമരങ്ങൾ മാറ്റിയില്ല. രണ്ടെണ്ണം റോഡിനു നടുവിൽ അടിത്തറ കെട്ടിയാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റുള്ളവ റോഡിന്റെ വശങ്ങളിലാണെങ്കിലും ചിലതിന് അടിത്തറയുണ്ട്.

കൊടിയുടെ തണലിൽ നടപ്പാത

ഹരിപ്പാട് റവന്യു ടവറിനു മുന്നിൽ, രണ്ടുപേർക്കു കഷ്ടിച്ചു നടക്കാവുന്ന നടപ്പാതയിലാണ് രാഷ്ട്രീയ സംഘടനകൾ കൊടിമരങ്ങൾ നാട്ടിയിരിക്കുന്നത്. കാൽനടക്കാരുടെ പ്രയാസം കൊടിമരങ്ങളുടെ ഉടമകൾക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുമ്പോൾ പരസ്പരം കൊടിമരങ്ങൾ നശിപ്പിക്കുന്നതും ബുദ്ധിമുട്ടിക്കുന്നത് കാൽനടക്കാരെയാണ്.

കൊടിയൊഴിപ്പിക്കൽ

അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ വീതി കൂട്ടലും നടപ്പാത നിർമാണവും നടക്കുന്നതിനാൽ റോഡരികിലെ എല്ലാ കൊടിമരങ്ങളും ബോർഡുകളും മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും വിചാരിച്ചാൽ ഇതൊക്കെ സാധ്യമാണെന്നർഥം. വള്ളികുന്നം മേഖലയിൽ ജനങ്ങൾക്കു തടസ്സമുണ്ടാക്കുന്ന കൊടിമരങ്ങൾ 2 വർഷം മുൻപു സർവകക്ഷി യോഗത്തിന്റെ തീരുമാനത്തിൽ മാറ്റിയിരുന്നു. തർക്കത്തിലായിരുന്ന കാഞ്ഞിപ്പുഴയിലെ കൊടിമരങ്ങളും ഒടുവിൽ മാറ്റി.

ഉറപ്പിന് കോൺക്രീറ്റ് അടിത്തറ

ആലപ്പുഴ നഗരത്തിൽ തിരക്കേറിയ റോഡുകളിലെല്ലാം കൊടിമരങ്ങളുണ്ട്. ചിലയിടങ്ങളിൽ തൊഴിലാളി യൂണിയനുകളുടെ ഷെഡുകൾക്കു അനുബന്ധമായാണിത്. കൈചൂണ്ടി മുക്കില്‍ 3 റോഡുകൾ ചേരുന്നിടത്തു തന്നെ രാഷ്ട്രീയ പാർട്ടികളുടെ കൊടികളുണ്ട്. റോഡിനു നടുവിൽ തറ കെട്ടിയുള്ള സ്ഥിരം സംവിധാനം. മിക്കപ്പോഴും തിരക്കുള്ള ജംക്‌ഷനാണിത്. രാത്രി റോഡ് പരിചയമില്ലാത്തവർ വാഹനത്തിലെത്തിയാൽ അപകടത്തിനു സാധ്യത വളരെ കൂടുതലാണ്.

വൈഎംസിഎ പാലത്തിനു കിഴക്കും തോണ്ടൻകുളങ്ങരയിലും നഗര ചത്വരത്തിലുമൊക്കെ റോഡരികിലെ കൊടിമരങ്ങൾ തടസ്സം സൃഷ്ടിക്കുന്നു. വാഹനങ്ങൾ റോഡിന്റെ അരികു ചേർന്നു പോകാൻ ഇവ തടസ്സമാണ്. കാൽനടക്കാർക്കും പ്രയാസമുണ്ടാക്കുന്നു.ചാരുംമൂട് ജംക്‌ഷനിൽ‌ കൊല്ലം – തേനി ദേശീയപാതയുടെ വശത്തും കൊടിമരങ്ങൾക്കു നല്ല ഉറപ്പാണ്. ഇരുമ്പ് പൈപ്പിന് അടിത്തറ കോൺക്രീറ്റ്. കെപി റോഡുമായി ചേരുന്ന ജംക്‌ഷനാണ്. വാഹനത്തിരക്കുള്ള പല സ്ഥലങ്ങളിലും റോഡരികിലേക്കു വാഹനങ്ങൾ ഒതുക്കാൻ കൊടിമരങ്ങൾ തടസ്സമാണ്.