നിര്‍ധനരായ 20,000 കുട്ടികള്‍ക്ക് അന്നമൊരുക്കി എലൈറ്റിന്റെ സ്ഥാപക ദിനാഘോഷം

elite marathoon

 

കൊച്ചി: എലൈറ്റ് ഫുഡ്സിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന മാരത്തോണില്‍ വന്‍ ജനപങ്കാളിത്തം. ഈ വര്‍ഷം ഇതുവരെ കൊച്ചി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടമാണ് മാരത്തോണ്‍ കാണാനും ആഘോഷങ്ങളില്‍ പങ്കുചേരാനും എത്തിയത്. മാരത്തോണിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ടായിരം കടന്നു. നാര്‍ക്കോട്ടിക് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ അബ്ദുല്‍ സലാം, കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഫുള്‍ജെന്‍, എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പ് സെയില്‍സ് സിഇഒ സാബു ജോസ്, ഡിജിഎം കെ.എന്‍. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വിവിധ വിഭാഗങ്ങളിലായി നടന്ന മാരത്തോണുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. 

പുലര്‍ച്ചെ നാല് മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാണ് മാരത്തോണ്‍ തുടങ്ങിയത്. എലൈറ്റ് ജീവനക്കാരും അവരുടെ കുടുംബങ്ങളും നിരവധി കുട്ടികളും മാതാപിതാക്കളും മാരത്തോണില്‍ പങ്കെടുത്തു. 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 2 കിലോമീറ്റര്‍, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു ഓട്ടം. 2 കിലോമീറ്റര്‍ മാരത്തോണ്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തിയ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്യാഷ് പ്രൈസും നല്‍കി. 45,000, 25,000, 10,000, 5,000 എന്നിങ്ങനെയായിരുന്നു സമ്മാനം. ഓരോ മത്സരാര്‍ഥിയും എത്ര കിലോമീറ്റര്‍ ഒടുന്നോ, അത്രയും കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കും എന്നായിരുന്നു എലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്.

എറണാകുളം എംപി ഹൈബി ഈഡന്‍, എംഎല്‍എ ടിജെ വിനോദ്, റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെഎന്‍ രാഘവന്‍ ഐആര്‍എസ് എന്നിവരാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ലോങ്ങ് ജംപില്‍ ഏഷ്യന്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് ടിസി യോഹന്നാന്‍, കേരള ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സിസി ജേക്കബ്, ഇന്ത്യയുടെയും കേരളത്തിന്റെയും ഫുട്‌ബോള്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ച എംഎം ജേക്കബ്, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം വൈസ് ക്യാപ്റ്റന്‍ സിവി സീന, ഷട്ടില്‍ ബാഡ്മിന്റണില്‍ അര്‍ജുന അവാര്‍ഡ് നേടിയ ജോര്‍ജ് തോമസ്, ലോക പഞ്ചഗുസ്തി ചാമ്പ്യനും 28 ലോകമെഡലുകളുടെ ജേതാവുമായ ജേക്കബ് മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നോവേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ശ്രീമതി. ധനേസ രഘുലാല്‍, പ്രസിഡന്റ് ശ്രീ. രഘുറാം, സിഇഒയും ഡയറക്ടറുമായ  ശ്രീ പ്രതിഭാ സ്മിതന്‍, ഗ്രൂപ്പ് ഡയറക്ടര്‍ കെ. ശ്രീറാം, എച്ച്.ആര്‍ വിഭാഗം മേധാവി ബിജോയ് ഫ്രാന്‍സിസ്, എലൈറ്റ് ഡെവലപ്പേഴ്സിന്റെ ഡയറക്ടറും സി.ഒ.ഒ യുമായ അര്‍ജുന്‍ രാജീവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന്‍ ഗ്രൂപ്പിന്റെ സ്ഥാപകരുടെ വിഷനായ ''ദി ഫുഡ് ഫാക്ടറി ഓഫ് ദി വേള്‍ഡ്'' എന്നതുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ജനുവരി 23 ന് ആണ് അതിന്റെ സ്ഥാപക ദിനം ആചരിക്കുന്നത് . ശ്രീ. രഘുലാലിന്റെ സംരംഭകത്വ ബോധവും നൂതനമായ സമീപനവുമാണ് എലൈറ്റ് ഫുഡ്സിന് ജന്മം നല്‍കിയത്. ഭക്ഷ്യവ്യവസായത്തിനുള്ളിലെ സാധ്യതകള്‍ അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു, അങ്ങനെയാണ് എലൈറ്റ് ഫുഡ് അരൂരില്‍ ആദ്യത്തെ അത്യാധുനിക ബ്രെഡ് ഉല്‍പ്പാദന കേന്ദ്രം സ്ഥാപിച്ചുകൊണ്ട് അതിന്റെ ആദ്യ ചുവടുകള്‍ എടുത്തത്.

ഗ്രൂപ്പ് തുടര്‍ച്ചയായ നാഴികക്കല്ലുകള്‍ പിന്നിട്ടെങ്കിലും, വിജയത്തോടുള്ള അതിന്റെ സമീപനം മാറ്റമില്ലാതെ തുടരുന്നു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധം, പരിസ്ഥിതിയെ സംയോജിപ്പിക്കുന്ന സുസ്ഥിര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മുതലായവയാണ്.  ശ്രീ. രഘുലാല്‍ ഒരു വ്യവസായി, മനുഷ്യസ്നേഹി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രഗത്ഭനാണ്.