തൃപ്പൂണിത്തുറയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നാളെ അവധി

thrippunithura
 

അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. 

അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നാളെ രാവിലെ 9നു ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. കെ ബാബു എംഎല്‍എ അത്തം പതാക ഉയര്‍ത്തും. തുടര്‍ന്നു വര്‍ണാഭമായ അത്തം ഘോഷയാത്ര.

ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു ജംക്ഷന്‍, കിഴക്കേക്കോട്ട, എസ്എന്‍ ജംക്ഷന്‍, വടക്കേക്കോട്ട, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷന്‍ വഴി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും.