എസ്.ടി. ഹരിലാല്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് മുഖ്യപരിശീലകന്‍

s t harilala
 

കൊച്ചി: ബ്ലൂ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം വോളിബോള്‍ ലീഗ് ടീം കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് ഹരിലാല്‍ എസ്.ടിയെ നിയമിച്ചു. ഹൈദരാബാദില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ ബ്ലൂ സ്പൈക്കേഴ്സിന്റെ സഹ പരിശീലകനായിരുന്നു. രണ്ടാം സീസണ്‍ മത്സരങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിലും അഹമ്മദാബാദിലുമാണ് നടക്കുക.

കളിക്കാരെ പ്രചോദിപ്പിക്കാനും അവരുടെ കളിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും കഴിവുള്ള പരിചയസമ്പന്നനും പ്രഗത്ഭനുമായ പരിശീലകനാണ് ഹരിലാല്‍ എന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. ഒരു പരിശീലകനെന്ന നിലയില്‍, കളിക്കാരെ മെച്ചപ്പെടുത്തുന്നതിന് ഹരിലാല്‍ അതീവ പ്രാധാന്യം നല്‍കുന്നു. ഹരിലാലിന്റെ പരിശീലനത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് പ്രൈം വോളിബോള്‍ ലീഗിന്റെ അടുത്ത എഡിഷനില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.