മഞ്ജു വാര്യർ ഫൗണ്ടേഷനുമായി കൈകോർത്ത് ആസ്റ്ററിന്റെ സഖി സംരംഭം

manju warrier
 

കൊച്ചി:സ്തനാർബുദത്തിനെതിരെ പോരാടുന്നതിനും  ബോധവൽക്കരണം നടത്തുന്നതിനുമായി ആസ്റ്റർ ഹോസ്പിറ്റലിന്റെ സഖി എന്ന സംരംഭവുമായി കൈകോർത്ത് മഞ്ജു വാര്യർ ഫൗണ്ടേഷൻ. അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസമായ ഒക്ടോബറിൽ ആരംഭിച്ച സൗജന്യ മാമ്മോഗ്രാം പരിശോധന സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായി ആസ്റ്റര്‍ മെഡ്സിറ്റി നടത്തിവരുന്നു.

സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികില്‍സിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്തനങ്ങള്‍ സ്വയം പരിശോധിക്കാന്‍ ''സഖി'' സ്ത്രീകളെ പ്രചോദിപ്പിക്കും. ഇതിനായി വിവിധ കോളേജുകളിലും കമ്പനികളിലുമുള്ള 2500 ലേറെ യുവതികള്‍ക്കായി പ്രത്യേക പരിശീലനവും പരിശോധനയും ഒരുക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാനായി മുന്നോട്ട് വരുന്നവരെ ''സഖി ആര്‍മി''യുടെ ഭാഗമാക്കും. സഖി ആര്‍മിയില്‍ ഓരോ പത്ത് വനിതകള്‍ അംഗമാകുമ്പോഴും പാവപ്പെട്ട ഒരു സ്ത്രീക്ക് ആസ്റ്റര്‍ മെഡ്സിറ്റി മാമ്മോഗ്രാം പരിശോധനാ സേവനം സൗജന്യമായി നല്‍കും.

കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. എന്നിട്ടും മിക്ക സ്ത്രീകളും സ്വയം പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ല. സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ഉണ്ടായിട്ട് പോലും രണ്ടിലൊന്ന് സ്ത്രീകള്‍ മാത്രമേ സ്വയം പരിശോധന നടത്തുന്നുള്ളു എന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു.