ഇടുക്കിയിലെ പഞ്ചായത്തുകള്‍ക്കായുള്ള ജില്ലാതല റിസോഴ്‌സ് സെന്റര്‍ മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

mv govindan master
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയിലെ ഒരിനം കൂടി സാക്ഷാത്കരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്. സപ്തംബര്‍ 13 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇടുക്കിയിലെ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള ജില്ലാ തല റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് വിവിധ പരിശീലനങ്ങളും ഗവേഷണങ്ങളും വിശകലനങ്ങളും ഡോക്യുമെന്റേഷനുമൊക്കെ കൂടുതല്‍ എളുപ്പമാകും.  

ആര്‍ ജി എസ് എ പദ്ധതിയില്‍ റിസോഴ്‌സ് സെന്റര്‍ കെട്ടിടത്തിനായി രണ്ട് കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. തുടര്‍ന്ന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് സമാഹരിച്ച 80 ലക്ഷം രൂപ കൂടി ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നല്‍കിയ ഭൂമിയിലാണ് റിസോഴ്‌സ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

വിവിധ പരിശീലനങ്ങള്‍ക്കുള്ള ഹാളുകള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാളുകള്‍, താമസ മുറികള്‍, മെസ് ഹാള്‍ തുടങ്ങി വിപുലമായ സൗകര്യം ഡി പി ആര്‍ സിയില്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളാവും.