പുതിയ അഥിതി

idukki
 നെടുങ്കണ്ടം ∙ ക്ലാ,ക്ലാ,ക്ലീ,ക്ലീ,ക്ലൂ,ക്ലൂ... സാബു തിരിഞ്ഞുനോക്കി. അതാ, മുറ്റത്തെ മാവിലയ്ക്കൊരു അനക്കം. അതാ, ഇല നടന്നു നീങ്ങുന്നു!! പിന്നാലെ ചെന്നു നോക്കിയപ്പോഴാണ് മനസിലായത് ഇലയല്ല, അതൊരു ജീവിയാണെന്ന്. രാമക്കൽമെട്ട് തൊട്ടിപ്പറമ്പിൽ സാബുവിനാണ് ഇന്നലെ രാവിലെ ഒരു അദ്ഭുത ജീവിയെ മുറ്റത്ത് നിന്നും കിട്ടിയത്. കുറച്ച് നേരം നിരീക്ഷണങ്ങൾ നടത്തിയെങ്കിലും സംഭവം എന്തെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സമൂഹമാധ്യമങ്ങളിൽ ചിത്രം ഇട്ടതോടെ ഇലയുടെ ആകൃതിയുള്ള ജീവി വൈറലായി

എന്നാൽ സാബുവിന്റെ പുരയിടത്തിൽ കണ്ടെത്തിയ ഇല ജീവിയുടെ ശാസ്ത്രീയ നാമം ലീഫ് മിയാമിയെന്നാണെന്ന് ഇരവികുളം നാഷനൽ പാർക്കിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേരിയംപറമ്പിൽ പറഞ്ഞു. ശത്രുക്കളിൽ നിന്നും രക്ഷനേടാൻ ചെറുജീവികൾ മിമിക്രി കാണിക്കാറുണ്ട്. ഇതിനെ മിമിക്രി തന്നെയെന്നാണ് വനംവകുപ്പിന്റെ ഭാഷയിൽ പറയുന്നത്. ശത്രു എത്തിയാൽ ഇലയുടെ രൂപത്തിലേക്ക് മാറും. അങ്ങനെ ഇലയെന്ന് കരുതി ശത്രു സ്ഥലം വിടും.

ശേഷം വീണ്ടും ലീഫ് മിയാമി ഇലയിൽ നിന്നും സ്വന്തം രൂപത്തിലേക്ക് എത്തും. കാടുകളിലും കൃഷിയിടങ്ങളിലും കാണാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് ചെറുജീവി എത്താറില്ല. പുതിയതായി പ്രത്യക്ഷപ്പെട്ട ലീഫ് മിയാമിയെ കാണാനും അളുകളെത്തി. ലീഫ് മിയാമി ഇന്നലെ വൈകുന്നേരം വരെ പരിസരത്ത് ഉണ്ടായിരുന്നതായിസാബു പറഞ്ഞു.

.