ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു

iduki
 

ഇടുക്കി: ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനം.

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലാണ് മുന്‍കരുതല്‍ നടപടി. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.  
 
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം മുതല്‍ ഇടുക്കി വരെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകലില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു.